മുംബൈ: വാഹനാപകടത്തിൽ മരണം നടന്നെന്ന വ്യാജേന കോടികളുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. അഹമ്മദ് നഗർ സ്വദേശി ദിനേശ് തക്സാലെ, സുഹൃത്തുക്കളായ അനിൽ ഭീംറാവു ലട്കെ, വിജയ് രാംദാസ് മാൽവാഡെ എന്നിവരെയാണ് ശിവാജി പാർക്ക് പോലീസ് അറസ്റ്റ് ചെയ്തത്.
എൽഐസിയുടെ ദാദർ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ ഓംപ്രകാശ് സാഹുവിന്റെ പരാതിയിൽ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, ഗൂഢാലോചന, വഞ്ചനാശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത് . 2015 ഏപ്രിൽ 21ന് പ്രതി ദിനേശ് രണ്ട് കോടി രൂപയുടെ ഇൻഷുറൻസിനായി എൽഐസിയിൽ അപേക്ഷിച്ചു.
അതുകൂടാതെ അഞ്ചരക്കോടി രൂപയുടെ ഇൻഷുറൻസ് കൂടി എടുത്തിരുന്നു. ഇതിനായി സമർപ്പിച്ച വ്യാജരേഖകളിൽ കൃഷി, റസ്‌റ്റോറന്റുകൾ എന്നിവയിലൂടെ പ്രതിവർഷം 35 മുതൽ 40 ലക്ഷം രൂപ വരെ എന്ന് കാണിച്ചിരുന്നു. തുടർന്ന് 2016 ഡിസംബർ 25ന് പൂനെ നഗർ റോഡിലെ ഗവൻവാഡിയിലെ ബെലവാഡി പൊലീസ് സ്റ്റേഷനിൽ അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം ദിനേശന്റേതാണെന്ന് സുഹൃത്തുക്കൾ അവകാശപ്പെട്ടു. അതിനായി സുഹൃത്തുക്കൾ ദിനേശിന്റേതെന്ന പേരിൽ വ്യാജ മാതാപിതാക്കളെയും പോലീസിൽ ഹാജരാക്കി. വാഹനം മുഖത്തിനു മുകളിലൂടെ കയറിയതിനാൽ അപകടത്തിൽ മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. അതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം ദിനേശിന്റെതാണെന്ന് സുഹൃത്തുക്കൾ ഉറപ്പിച്ച് പറഞ്ഞു.
അതിനുശേഷം, രണ്ട് ഇൻഷുറൻസുകളിൽ നിന്നുമായി എട്ട് കോടി തട്ടിയെടുക്കാനാണ് മൂവരും ശ്രമിച്ചത്. എന്നാൽ രണ്ട് കോടി രൂപയുടെ അപേക്ഷ മാത്രമാണ് സ്വീകരിച്ചത്. ഇതിനിടെ മകന് ജീവിച്ചിരിപ്പുണ്ടെന്ന് ദിനേശിന്റെ യഥാർത്ഥ അമ്മ വ്യക്തമാക്കി . കൂടാതെ ദിനേശിന്റെ അച്ഛൻ നേരത്തെ മരിച്ചതിനാൽ അവകാശവാദം ഉന്നയിക്കാൻ എത്തിയ മാതാപിതാക്കൾ ആരൊക്കെയാണ്? എന്ന സംശയം ഇൻഷുറൻസ് കമ്പനി അധികൃതരും ഉയർത്തി . തുടർന്ന് എൽഐസി നടത്തിയ അന്വേഷണത്തിൽ ദിനേശ് ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തി. ഇതിനു പിന്നാലെയാണ് എൽഐസി അധികൃതർ ശിവാജി പാർക്ക് പോലീസിൽ പരാതി നൽകിയത് . ഇതനുസരിച്ച് പോലീസ് പ്രതികൾക്കെതിരെ കേസെടുത്തു. ഇൻഷുറൻസ് തുകയായ രണ്ട് കോടി രൂപ തട്ടിയെടുക്കാനാണ് ഇൻഷുറൻസ് തുക ലഭിക്കാൻ സംഘം കാട്ടിയ മൃതദേഹം ആരുടേതെന്നും പോലീസ് അന്വേഷിക്കും .
Discussion about this post