മുംബൈ ; ജോലി നൽകാനെന്ന പേരിൽ സ്ത്രീകളെ ഒമാനിലേക്ക് കൊണ്ടുപോയി വേശ്യാവൃത്തി നടത്തുന്ന യുവാക്കൾ പിടിയിൽ. കർണാടക സ്വദേശി അഷ്റഫ് മൈദു കവിര (46), ഘാട്കോപ്പർ സ്വദേശി നമിത സുനിൽ മസുൽക്കർ (46) എന്നിവരെയാണ് പോലീസ് പിടികൂടിയത്. റാക്കറ്റിൽ ഇനിയും എത്ര ഏജന്റുമാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഇതോടൊപ്പം എത്ര സ്ത്രീകളെ ഇത്തരത്തിൽ കടത്തിയിട്ടുണ്ടെന്നതും അന്വേഷിക്കും.
ഒമാനിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇരുവരും തന്നിൽ നിന്ന് മൂന്ന് ലക്ഷം രൂപ വാങ്ങിയെന്ന് മീരാ ഭയന്ദർ-വസായ് വിരാർ സ്വദേശിനി കാശിമിര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു . 2022 ഓഗസ്റ്റിലാണ് പരാതി നൽകിയത് .
ഛത്രപതി മറാഠാ എമ്പയർ ഓർഗനൈസേഷനാണ് ഇതുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരം നൽകിയത്. ഇരകളിൽ ചിലരുടെ കുടുംബങ്ങൾ ഇത്തരം പരാതികളുമായി എൻജിഒയിൽ എത്തിയിട്ടുണ്ടെന്ന് പരാതി നൽകിയ യുവതി പറഞ്ഞു.
വീട്ടുജോലി, സെയിൽസ് ഗേൾ, നഴ്സ് തുടങ്ങിയ പേരിലാണ് ഏജന്റുമാരുടെ സംഘം സ്ത്രീകളെ ഒമാനിലേക്ക് അയക്കുന്നതെന്ന് യുവതി പറഞ്ഞു. സ്ത്രീകൾ ഒമാനിലേക്ക് എത്തിക്കഴിഞ്ഞാൽ, അവരെ ഹോട്ടലുകളിലേക്കാണ് കൊണ്ടുപോകുന്നത് .
2022 ജൂലൈ 27 ന് ഒമാനിൽ എത്തിയ പരാതിക്കാരി അവിടെയുള്ള മറ്റ് സ്ത്രീകളുടെ വീഡിയോകളും ചിത്രങ്ങളും എടുത്ത് അവിടെ താമസിക്കുന്ന എൻജിഒ അംഗങ്ങളായ ജിതേന്ദ്ര പവാറിനും നവീൻ മോറിനും അയച്ചു. ഇതറിഞ്ഞ ഒമാനിലെ ഏജന്റുമാർ പരാതിക്കാരിയെ ആക്രമിച്ചു. പിന്നാലെ ഇവരെ പൂട്ടിയിടുകയും ചെയ്തു. റൂമിലെ എസി ഊരിമാറ്റിയാണ് പരാതിക്കാരി അവിടെ നിന്നും രക്ഷപ്പെട്ടത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, നൈജീരിയ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള എഴുപതോളം സ്ത്രീകളെ താൻ ആവിടെ കണ്ടതായി പരാതിക്കാരി പറഞ്ഞു.








