
ബംഗളൂരു: ടിപ്പു സുല്‍ത്താന്റെ 265 ാം ജന്മദിനം ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഹിന്ദു-കൃസ്ത്യന്‍ സംഘടനകള്‍ രംഗത്തെത്തി. നൂറ് കണക്കിന് ഹിന്ദു കൃസ്ത്യന്‍ ആരാധനാലയങ്ങള്‍ തകര്‍ത്ത ടിപ്പുവിന്റെ ജന്മദിനാഘോഷം നടത്താന്‍ സമ്മതിക്കില്ലെന്നാണ് സംഘടനകളുടെ നിലപാട്. കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് പരേഡിന് ടിപ്പു സുല്‍ത്താന്റെ ടാബ്ലോ അവതരിപ്പിച്ചത് കര്‍ണാടകയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.
ടിപ്പു സുല്‍ത്താന്‍ ഹിന്ദു വിരുദ്ധനും കന്നഡ വിരോധിയുമായ ഭരണാധികാരിയായിരുന്നുവെന്ന് വിശ്വഹിന്ദു പരിഷത്തും, ബജ്രംഗദളും ആരോപിച്ചു.
സിദ്ധരാമയ്യ സര്‍ക്കാര്‍ ടിപ്പു സുല്‍ത്താനെ ഉയര്‍ത്തികൊണ്ടു വരുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് ക്ഷമിക്കുന്നതിനും അപ്പുറത്താണ്. വര്‍ഷങ്ങളായി ടിപ്പു സുല്‍ത്താനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്- ബജ്രംഗ്ദള്‍ സംസ്ഥാന കണ്‍വീനര്‍ സൂര്യനാരായണ പറഞ്ഞു.
ആയിരക്കണക്കിന് ഹിന്ദു ആരാധനാലയങ്ങള്‍ തകര്‍ത്ത, പാര്‍സി, ഉറുദു ഭാഷകള്‍ക്കായി കന്നഡ ഭാഷയെ ഇല്ലാതാക്കാന്‍ ശ്രമിച്ച ഭരണാധികാരിയുടെ ജന്മദിനം ആഘോഷിക്കുന്നത് ജനങ്ങള്‍ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന് പറയാനാവില്ലെന്നും സൂര്യനാരായണ കൂട്ടിച്ചേര്‍ത്തു.
ചില കൃസ്ത്യന്‍ സംഘടനകളും സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ടിപ്പു സുല്‍ത്താന്‍ വടക്കന്‍ കേരളത്തിലും, മംഗലാപുരത്തുമായി നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ത്തിട്ടുണ്ട്. ഇത്തരം ആഘോഷങ്ങള്‍ വിശ്വാസികളെ വേദനിപ്പിക്കുമെന്ന് വിശ്വാസികള്‍ പറയുന്നു.
Discussion about this post