ഇടുക്കി; സ്വപ്‌നയ്‌ക്കെതിരെ സാധ്യമായ നിയമനടപടികളെല്ലാം സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വിജയ് പിള്ള എന്നൊരാളെ അറിയില്ല. അങ്ങനെ ഒരാളെ കണ്ടിട്ടു പോലുമില്ല. സിപിഎം ജാഥയുടെ വിജയത്തിൽ വിറളി പിടിച്ചവരാണ് ഇത്തരം തിരക്കഥകൾക്ക് പിന്നിലെന്നും എം.വി.ഗോവിന്ദൻ ആരോപിച്ചു.
”സ്വപ്‌ന സുരേഷ് പറഞ്ഞ പേര് തിരുത്തിക്കൊടുത്തത് മാദ്ധ്യമങ്ങളാണ്. അവര് പറഞ്ഞത് വിജയ് പിള്ള എന്നാണ്. അപ്പോൾ രണ്ട് പത്രങ്ങൾ പറഞ്ഞു. വിജയ് പിള്ളയല്ല വിജേഷ് പിള്ളയാണെന്ന്. എനിക്കറിയുന്ന ആളല്ല അത്. ഞാൻ ഉറപ്പായിട്ട് പറയുകയാണ്. എനിക്ക് അങ്ങനെ ഒരു മനുഷ്യനെ അറിയുകയേ ഇല്ല. പിന്നെ കണ്ണൂർ ജില്ലയിൽ പിള്ളമാരില്ല. എവിടുന്നാണ് ഇവർക്ക് ഈ പിള്ളയെ കിട്ടിയത് എന്ന് എനിക്ക് മനസിലാകുന്നില്ല. എനിക്കിതൊന്നും അന്വേഷിക്കേണ്ട കാര്യമില്ല.
ഇന്ന് വരെ അങ്ങനെ ഒരാളെ കണ്ടിട്ട് പോലുമില്ല. ആരോപണങ്ങൾ ഞാൻ മുഖവിലക്കെടുക്കുന്നു പോലുമില്ല. സ്വപ്‌നയുടെ ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കും. ഇവരെന്തൊക്കെയോ പുറത്ത് കൊണ്ടു വരും എന്നാണല്ലോ പറയുന്നത്. ഒന്നുമില്ല. എല്ലാം കഴിഞ്ഞതാണ്. ഒരു കാര്യവും മറച്ചു വയ്ക്കാൻ വേണ്ടി ഞങ്ങൾ ആരേയും സമീപിക്കുന്ന പ്രശ്‌നമില്ല. എല്ലാം പുറത്ത് പറയട്ടെ.
സ്വപ്‌നയ്‌ക്കെതിരെ സാധ്യമായ നിയമനടപടികളെല്ലാം സ്വീകരിക്കും. ജാഥയുടെ വിജയം മനസിലാക്കി ഉണ്ടാക്കിയ പ്രശ്‌നമാണിതെന്ന് ഞങ്ങൾക്ക് വളരെ വ്യക്തമായി അറിയാം. ഇതൊന്നും ഞങ്ങൾക്ക് പ്രശ്‌നമല്ല. സുധാകരൻ ചോദിച്ചല്ലോ, നട്ടെല്ലുണ്ടോ എന്ന്, ആയിരം പ്രാവശ്യം നട്ടെല്ലുണ്ട്. നിങ്ങൾ കാണുന്ന ചിത്രമൊന്നുമല്ല കേരളത്തിന്റെ ചിത്രം. കേരളം ഇതിനെ ശരിക്കും ഉൾക്കൊള്ളുന്നുണ്ട്. ഇനി ഞങ്ങളുടെ ജാഥാ സ്വീകരണം ഇനിയും ഗംഭീരമാകും. നിങ്ങളുടെ തിരക്കഥയൊന്നും ഇവിടെ ഏശില്ല. കാണുന്നതിന് അപ്പുറം കാണാൻ ശേഷിയുള്ളത് കൊണ്ടാണ് കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനം നിലനിൽക്കുന്നതെന്നും” എം.വി.ഗോവിന്ദൻ പറഞ്ഞു.












