തിരുവനന്തപുരം: മന്ത്രി പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിന് വന്നില്ലെങ്കിൽ 100 രൂപ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് പഞ്ചായത്ത് അംഗത്തിന്റെ മുന്നറിയിപ്പ്. ആനാട് പഞ്ചായത്തിലെ സിപിഐ വാർഡ് മെമ്പർ എ.എസ്.ഷീജയുടെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. നാളെ വൈകിട്ടാണ് മന്ത്രി മുഹമ്മദ് റിയാസ് പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്.
ഈ പരിപാടിയിൽ എല്ലാ കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചാണ് ഷീജ ശബ്ദസന്ദേശം പങ്കുവച്ചിരിക്കുന്നത്. രണ്ട് മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയാണെന്നും, അതിനാൽ അന്ന് കുടുംബശ്രീ മീറ്റിംഗ് വയ്ക്കാതെ കൃത്യസമയത്ത് പഴകുറ്റി പാലത്തിൽ എത്തിച്ചേരണമെന്നും ഇവർ പറയുന്നു. വരാത്തവരിൽ നിന്ന് 100 രൂപ പിഴ ഈടാക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
” പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളേ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. നെടുമങ്ങാടിന്റെ മന്ത്രി ജി.ആർ.അനിൽ ആണ് അദ്ധ്യക്ഷത വഹിക്കുന്നത്. രണ്ടു മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയാണ്. നമ്മുടെ വാർഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വയ്ക്കേണ്ടതില്ല. കുടുംബശ്രീയിലുള്ള എല്ലാവരുമായി ക്യത്യം നാലരയ്ക്ക് പഴകുറ്റി പാലത്തിൽ എത്തിച്ചേരുക. വരാത്തവരിൽനിന്ന് നൂറു രൂപ പിഴ ഈടാക്കുന്നതാണ്”- എന്നാണ് ശബ്ദസന്ദേശം.
Discussion about this post