ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭ തെരഞ്ഞെടുപ്പിൽ 80 വയസിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാരായ വോട്ടർമാർക്കും വീട്ടിൽ നിന്ന് വോട്ട് ചെയ്യാനുള്ള (വിഎഫ്എച്ച്) വോട്ട് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 80 വയസിന് മുകളിലുള്ളവർക്ക് ആദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരമൊരു സൗകര്യം ഏർപ്പെടുത്തുന്നത്
പുതിയ നടപടിയാണെങ്കിലും വോട്ടെടുപ്പിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുമെന്നും വോട്ടെടുപ്പിൻറെ മുഴുവൻ നടപടികളും വീഡിയോയിൽ പകർത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. വയോധികർക്ക് വീട്ടിൽ നിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയ കാര്യം മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ദിവ്യാംഗനർക്കായി, ‘സക്ഷം’ എന്ന മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു, അവർക്ക് ലോഗിൻ ചെയ്യാനും വോട്ടുചെയ്യാനുള്ള സൗകര്യം തിരഞ്ഞെടുക്കാനും കഴിയുമെന്ന് സിഇസി അറിയിച്ചു.
സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രികകളും സത്യവാങ്മൂലങ്ങളും സമർപ്പിക്കുന്നതിനായി മറ്റൊരു മൊബൈൽ ആപ്ലിക്കേഷൻ കൂടി ആരംഭിച്ചിട്ടുണ്ട്. ‘സുവിധ’ എന്ന പേരിലാണ് ഇതിനായി ആപ്ലിക്കേഷൻ തുടങ്ങിയിട്ടുള്ളത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾക്ക് യോഗങ്ങൾക്കും റാലികൾക്കും അനുമതി തേടുന്നതിനും സുവിധ ആപ്ലിക്കേഷൻ ഉപയോഗിക്കാം. വോട്ടർമാർക്ക് സ്ഥാനാർത്ഥികളെ കുറിച്ച് അറിയുന്നതിനും ആപ്ലിക്കേഷൻ ഉപയോഗിക്കാം. ഇതിനായി കെവൈസി എന്ന പേരിൽ കാമ്പയിനും ഇസിഐ ആരംഭിച്ചിട്ടുണ്ട്. വോട്ടെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ കുറിച്ച് വോട്ടർമാർക്ക് സുവിധയിലൂടെ അഭിപ്രായം അറിയിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും കുമാർ വ്യക്തമാക്കി.











