തൃശൂർ: 365 ദിവസം സുരേഷ് ഗോപി ചാരിറ്റി നടത്തിയാലും വിജയിക്കില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശത്തിന് ജനശക്തി സമ്മേളനവേദിയിൽ മറുപടി പറഞ്ഞ് സുരേഷ് ഗോപി. 2019 ലെ പ്രചാരണ വേളയിൽ അമിത് ഷായുമൊത്ത് തൃശൂരിലെ വേദി പങ്കിട്ടതും ഈ തൃശൂർ ഞാൻ ഇങ്ങ് എടുക്കുവാ എന്ന മാസ് ഡയലോഗും ഓർമ്മിപ്പിച്ചായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
പരിപാടിക്ക് ശേഷം മടങ്ങുന്നതിന് മുൻപ് അമിത് ഷാ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞത് ജയിച്ചുവരണമെന്നാണ്. അങ്ങനെ എന്റെ ഹൃദയത്തിൽ നിന്ന് വന്ന വാക്കുകളായിരുന്നു തൃശൂർ നിങ്ങൾ എനിക്ക് തരണം, തൃശൂർ ഞാനിങ്ങ് എടുക്കുവാ എന്നത്. ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ എന്റെ ജീവിതത്തിലേക്ക് വലിയ ഒരു ടാഗ് ലൈൻ ആണ് ആ മൂന്ന് വരികൾ ചേർത്ത് തന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ഏത് ഗോവിന്ദൻ വന്നാലും ശരി, ഗോവിന്ദാ… തൃശൂർ ഞാൻ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. തൃശൂർക്കാരേ, നിങ്ങൾ എനിക്ക് തരണം, നിങ്ങൾ തന്നാൽ ഞാൻ എടുക്കും, ഞാൻ എടുത്താൽ…. ഒരു നരേന്ദ്രൻ വടക്ക് നിന്ന് തെക്കോട്ടിറങ്ങി വന്ന് കേരളം ഞാൻ എടുത്തിരിക്കും എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഗോവിന്ദനും അദ്ദേഹത്തിന്റെ മുതലാളിയും മനസിലാക്കിക്കോളൂ.. ഞങ്ങൾ എടുത്തിരിക്കും എന്ന് സുരേഷ് ഗോപി പറഞ്ഞു.
ചാരിറ്റി രാഷ്ട്രീയമാക്കാൻ പാടില്ലെങ്കിൽ ഞാൻ ഗോവിന്ദനോട് പറയുന്നു നിങ്ങൾ ഈ നുണയും വഞ്ചനയും അവസാനിപ്പിക്കണം. അക്കാര്യം മുഖത്ത് നോക്കി പറയാനുളള ചങ്കൂറ്റം തനിക്കുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
2024 ൽ ഞാൻ ഇവിടെ സ്ഥാനാർത്ഥിയാണെങ്കിൽ.. അങ്ങനെ പറയുമ്പോൾ 2019 ൽ ജയിച്ചിരുന്നെങ്കിൽ എന്ന് കൂടി പറയണം. 2024 ൽ അത് സംഭവിക്കണേയെന്നാണ് പറയുന്നത്. തൃശൂർ അല്ലെങ്കിൽ ഗോവിന്ദാ കണ്ണൂരിലും മത്സരിക്കാൻ ഞാൻ ഒരുക്കമാണ്. ജയമല്ല പ്രധാനം, നിങ്ങളുടെ അടിത്തറയിളക്കണം അത്രയ്ക്ക് നിങ്ങൾ കേരള ജനതയെ ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്തിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ വർഷം തന്റെ വിഷുക്കൈനീട്ടം വിവാദമാക്കിയവർക്കും സുരേഷ് ഗോപി മറുപടി നൽകി. വിഷുവിന് വീണ്ടും തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ ഇറങ്ങും. ഞാൻ കൈനീട്ടം നൽകും പലരും കാലിൽ വീഴും, ആരെയും തടയില്ല. പക്ഷെ അങ്ങനെ ചെയ്യരുതെന്ന് താൻ സ്‌നേഹത്തോടെ അഭ്യർത്ഥിക്കുകയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Discussion about this post