മക്കളോട് എപ്പോഴും വാത്സല്യത്തോടെ പെരുമാറാന്‍ അമ്മമാര്‍ക്ക് സാധിക്കാറില്ല. പല കാരണങ്ങള്‍ കൊണ്ടും ചിലപ്പോള്‍ മക്കളോട് നിര്‍വികാരമായ പെരുമാറ്റം അമ്മമാരില്‍ നിന്നുണ്ടാകാറുണ്ട്. എന്നാല്‍ അതൊട്ടും നല്ലതല്ലെന്നാണ് പുതിയൊരു പഠനം പറയുന്നത്. അമ്മയുടെ പെരുമാറ്റത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും കുഞ്ഞില്‍ സ്‌ട്രെസ്സുമായി ബന്ധപ്പെട്ട എപ്പിജെനിറ്റിക് വ്യതിയാനമുണ്ടാക്കുമെന്ന് പഠനം പറയുന്നു.
ഡിഎന്‍എയുമായി ബന്ധമില്ലാത്ത തന്മാത്രാ പ്രക്രിയകളാണ് എപ്പിജെനിറ്റിക്‌സ്. എപ്പിജെനിറ്റിക്‌സ് ജീനിന്റെ സ്വഭാവത്തെ സ്വാധീനിക്കുന്നുണ്ട്. ഒരു വയസ്സിനുള്ളില്‍ പ്രായമുള്ള കുട്ടികളോട് അമ്മമാര്‍ നിര്‍വ്വികാരമായ അല്ലെങ്കില്‍ മോശം രീതിയില്‍ പെരുമാറുന്നത് മീഥൈലേഷന്‍ എന്ന എപ്പിജെനിറ്റിക് വ്യതിയാനത്തിന് കാരണമാകുന്നു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അമ്മമാരില്‍ നിന്ന് ഇത്തരം പെരുമാറ്റം നേരിടേണ്ടി വന്ന കുഞ്ഞുങ്ങള്‍ ഏഴുവയസാകുമ്പോള്‍ അവരുടെ NR3C1 എന്ന ജീനില്‍ സംഭവിക്കുന്ന മീഥൈന്‍, കാര്‍ബണ്‍ തന്മാത്രകള്‍ കൂടിച്ചേരുന്ന പ്രക്രിയയാണ് മീഥൈലേഷന്‍. സ്‌ട്രെസ്സിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തെ നിയന്ത്രിക്കുന്ന ജീനാണിത്.
അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ നിലവാരവും പ്രസ്തുത ജീനിലെ മീഥൈലേഷനും തമ്മില്‍ ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ഉണ്ടെന്ന് വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ബയോളജിക്കല്‍ ആന്ത്രോപോളജിസ്റ്റും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകയുമായ എലിസബത്ത് ഹോള്‍ഡ്‌വര്‍ത്ത് പറയുന്നു. പഠനഫലം അമേരിക്കന്‍ ജേണല്‍ ഓഫ് ഹ്യൂമണ്‍ ബയോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവഗണന, പീഡനം പോലെ കുട്ടിക്കാലത്ത് അമിതമായ സ്‌ട്രെസ്സിന് വിധേയരാകേണ്ടി വന്ന കുട്ടികള്‍ മുതിരുമ്പോള്‍ NR3C1 ജീനില്‍ നാടകീയമായ തരത്തില്‍ കൂടുതല്‍ മീഥൈലേഷന്‍ നടക്കുന്നതായി നേരെത്തെയും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അമ്മമാരുടെ സ്വഭാവത്തിലെ വളരെ ചെറിയ വ്യത്യാസങ്ങള്‍ പോലും കുഞ്ഞുങ്ങളെ പിന്നീട് ദോഷകരമായി ബാധിക്കുമെന്ന കണ്ടെത്തലാണ് ഹോള്‍ഡ്‌വര്‍ത്തിന്റെ പഠനത്തിലുള്ളത്. ലണ്ടനിലെ
Avon Longitudinal Study of Parents and Children-ല്‍ നിന്നുള്ള 114 അമ്മയും കുഞ്ഞും ജോഡികളുടെ വിവരങ്ങളാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. 1991നും 1992നും ഇടയില്‍ ജനിച്ചിട്ടുള്ള കുട്ടികളുടെ സ്വഭാവസവിശേഷതകള്‍ പഠിച്ചുവരുന്ന പ്രോജക്ട് ആണ് അത്.
കുഞ്ഞുങ്ങളെ പരിചരിക്കുന്ന പ്രധാനപ്പെട്ട ആള്‍ക്കാര്‍ എന്ന നിലയില്‍ അമ്മമാരെ കേന്ദ്രീകരിച്ചാണ് ഈ പഠനം നടത്തിയത്. മിക്ക അമ്മമാരും കോളേജ് വിദ്യാഭ്യാസം നേടിയവരും ഇടത്തരം വരുമാനമുള്ള കുടുംബങ്ങളില്‍ ഉള്ളവരും ആയിരുന്നു. കുഞ്ഞുങ്ങളുടെ ആദ്യ പന്ത്രണ്ട് മാസങ്ങളില്‍ അവരോടുള്ള അമ്മമാരുടെ പെരുമാറ്റം ഫോട്ടകളിലൂടെയാണ് വിശകലനവിധേയമാക്കിയത്. ഈ കുഞ്ഞുങ്ങള്‍ ഏഴ് വയസ്സിലെത്തിയപ്പോള്‍ അവരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ച് മാറ്റങ്ങള്‍ രേഖപ്പെടുത്തി. അമ്മമാര്‍ നിര്‍വ്വികാരമായി അല്ലെങ്കില്‍ മോശമായി പെരുമാറിയ കുഞ്ഞുങ്ങളുടെ NR3C1ജീനില്‍ മീഥൈലേഷന്‍ പ്രക്രിയയില്‍ ചെറിയ വര്‍ധനയുള്ളതായി ഗവേഷകര്‍ മനസിലാക്കി. ശരീരത്തിലെ പ്രധാനപ്പെട്ട സ്‌ട്രെസ്സ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ ഉല്‍പ്പാദനം ഉള്‍പ്പടെ സ്‌ട്രെസ്സിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തില്‍ നിര്‍ണ്ണായകമാണ് ഈ ജീനിലെ വിവരങ്ങള്‍.
ജീവിക്കുന്ന ചുറ്റുപാടുമായി ഒത്തുപോകുന്ന തരത്തിലാണ് മനുഷ്യരുടെ വളര്‍ച്ച. നല്ലതാണെങ്കിലും ചീത്തതാണെങ്കിലും അതിനനുസരിച്ച് മനുഷ്യരില്‍ ജൈവികമായ മാറ്റങ്ങളും ഉണ്ടാകുന്നുവെന്നാണ് ഡെവലപ്‌മെന്റല്‍ ബയോളജി വ്യക്തമാക്കുന്നത്.
Discussion about this post