ബംഗളൂരു: കർണാടകയിൽ ഗോ മാംസം നൽകി ക്ഷേത്രം അശുദ്ധിയാക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. കോലാർ സ്വദേശി രാജു, ബംഗളൂരു സ്വദേശി സോമശേഖർ എന്നിവരാണ് അറസ്റ്റിലായത്. വിഗ്രഹത്തിൽ ചാർത്താൻ നൽകിയ പൂ മാലയ്‌ക്കൊപ്പമായിരുന്നു ഇവർ ഗോ മാസം നൽകിയത്.
കഴിഞ്ഞ മാസം 22 നായിരുന്നു സംഭവം. ചിക്ക് മഥുരൈ ഗ്രാമത്തിലെ ഷാനി മഹാത്മാ ക്ഷേത്രമായിരുന്നു ഇവർ അശുദ്ധിയാക്കിയത്. ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ ഇരുവരും താലത്തിൽകൊണ്ടുവന്ന പൂമാല ശാന്തിയ്ക്ക് നൽകുകയായിരുന്നു. അടുത്ത നിമിഷം തന്നെ ഇവർ അവിടെ നിന്നും പോയി.
ധാരാളം മാലയിട്ട് വിഗ്രഹം അലങ്കരിച്ചിരുന്നതിനാൽ പ്രതികൾ നൽകിയ മാല വെള്ളം തളിച്ച് വൈകീട്ട് ചാർത്താനായി മാറ്റിവച്ചു. തുടർന്ന് വൈകീട്ട് മാലയെടുത്തപ്പോഴാണ് സംഭവം കാണുന്നത്.
മാല എടുത്തതോടെ അതിന് അടിയിലായി വച്ചിരുന്ന മാംസം ശ്രീകോവിലിനുള്ളിൽ വീണു. ഉടനെ പൂജാരി ഇത് പുറത്തേക്ക് എറിയുകയായിരുന്നു. ഇതിന് പിന്നാലെ ക്ഷേത്രത്തിൽ ശുദ്ധി കലശവും നടത്തി.
എന്നാൽ കഴിഞ്ഞ തവണ ഇവർ വീണ്ടും ക്ഷേത്രത്തിലേക്ക് മാലയുമായി എത്തി. സംശയം തോന്നിയ പൂജാരി മാല ഉയർത്തി നോക്കി. ഇതോടെ ഇവരാണ് നേരത്തെയും മാല കൊണ്ടുവന്നത് എന്ന് വ്യക്തമാകുകയായിരുന്നു. ഉടനെ അദ്ദേഹം ബഹളംവച്ചു. ഇതോടെ വിശ്വാസികൾ ഇരുവരെയും പിടിച്ച് കെട്ടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.









