തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ സംസ്ഥാനത്തെ മുന്‍സിപ്പാലിറ്റികളിലും ഇടത് മുന്നണിക്ക് മേല്‍ക്കൈ. 86 മുന്‍സിപ്പാലിറ്റികളില്‍ 44 എണ്ണം നേടിയാണ് എല്‍ഡിഎഫ് കരുത്ത് കാട്ടിയത്.
മുഴുവന്‍ വാര്‍ഡുകളിലും ഇടത് മുുന്നണി വിജയിച്ച കണ്ണൂരിലെ ആന്തൂര്‍ പ്രതിപക്ഷമില്ലാത്ത സംസ്ഥാനത്തെ ആദ്യ നഗരസഭയായി. 27 ഇടത്ത് സിപിഎമ്മും ഒന്നില്‍ സിപിഐയും വിജയിച്ചാണ് പ്രതിപക്ഷമില്ലാതെ ആന്തൂര്‍ ചരിത്രത്തിന്റെ ഭാഗമായത്. അതേ സമയം പാലക്കാട് നഗരസഭയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 52 സീറ്റുള്ള പാലക്കാട് നഗരസഭയില്‍ 24 സീറ്റ് നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്.
ഒറ്റക്ക് മത്സരിച്ച ലീഗ് മലപ്പുറത്തെ കൊണ്ടോട്ടിയില്‍ തോല്‍വിയറിഞ്ഞു. സിപിഎമ്മും കോണ്‍ഗ്രസിലെ ഒരു വിഭാഗവുമടങ്ങുന്ന മതേതര വികസന മുന്നണിയാണ് ലീഗിനെ തോല്‍പ്പിച്ചത്.. ഇരുമുന്നണികള്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഇരിട്ടിയിലും ശ്രീകണ്ഠാപുരത്തും വിമതരുടെ നിലപാട് നിര്‍ണ്ണായകമാകും.
പൊന്നാനി നഗരസഭയിലും ലീഗിന് തിരിച്ചടി നേരിടേണ്ടി വന്നു. പരപ്പനങ്ങാടി നഗരസഭയിലെ ഭരണത്തില്‍ ബിജെപിയുടെ നിലപാട് നിര്‍ണ്ണായകമാകും. ഒപ്പമുണ്ടായിരുന്ന വടകരയും, കൊയിലാണ്ടിയും കോഴിക്കോട് ഇക്കുറിയും എല്‍ഡിഎഫിനെ തുണച്ചപ്പോള്‍ പുതുതായി നിലവില്‍ വന്ന മുക്കവും ഇടത് മുന്നണിക്ക് പിന്തുണയറയിച്ചു.
മധ്യകേരളത്തില്‍ എറണാകുളത്തെ തൃപ്പൂണിത്തുറയില്‍ ഭരണകക്ഷിയായിരുന്ന യുഡിഎഫ് 9 സീറ്റിലേക്ക് ചുരുങ്ങി ബിജെപി പ്രതിപക്ഷത്തെത്തി. കൊടുങ്ങല്ലൂരിലും ബിജെപി രണ്ടാംകക്ഷിയായി. ഹൈറേഞ്ചിലെ ഏക നഗരസഭയായ കട്ടപ്പനയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി മുന്നേറ്റം നടത്തിയപ്പോള്‍ നഗരസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതെയായി.
Discussion about this post