ന്യൂയോർക്ക്: സസ്‌പെൻഡ് ചെയ്ത സ്‌പോർട്‌സ് അവതാരകനും ഫുട്‌ബോൾ താരവുമായ ഗാരി ലിനേക്കറെ തിരിച്ചെടുത്ത് ബിബിസി. ഗാരിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കമന്റേറ്റർമാരും നിരൂപകരും ലീഗ് കളിക്കാറും ബിബിസിയുമായി സഹകരിക്കാതിരുന്നതിനെ തുടർന്നാണ് തീരുമാനം. ബ്രിട്ടീഷ് സർക്കാരിന്റെ പുതിയ അഭയ കേന്ദ്ര പദ്ധതിയെ എതിർത്ത് ഗാരി ലിനേക്കർ ട്വിറ്ററിൽ പ്രതികരിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു ബിബിസി നടപടി സ്വീകരിച്ചത്.
ബിബിസി ഡയറക്ടർ ടിം ഡേവി പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത് ജീവനക്കാർക്കും, ആരാധകർക്കും വലിയ ബുദ്ധിമുട്ടായെന്ന വസ്തുത മനസ്സിലാക്കുന്നു. അതുകൊണ്ട് എല്ലാവരോടും മാപ്പ് ചോദിക്കുകയാണ്. സമൂഹമാദ്ധ്യമ ഉപയോഗം സംബന്ധിച്ച ബിബിസിയുടെ നിലപാടിന് വിരുദ്ധമായി ഗാരി പ്രവർത്തിച്ചു. പക്ഷപാതപരമായി ഇതിനോട് നടപടി സ്വീകരിക്കേണ്ടത് ബിബിസിയുടെ ആവശ്യമാണ്. സോഷ്യൽ മീഡിയ ഉപയോഗം സംബന്ധിച്ച ബിബിസിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ വ്യക്തവും ഉചിതവുമാണ്. ഇക്കാര്യം ഗാരിയ്ക്കും ബോദ്ധ്യമുണ്ടെന്നും ഡേവി വ്യക്തമാക്കി.
തിരിച്ചെടുത്തതിൽ അതിയായ സന്തോഷമുണ്ടെന്ന് ഗാരി ലിനേക്കറും പ്രതികരിച്ചു. മാച്ച് ഓഫ് ദി ഡേയുടെ കസേരയിൽ ചെന്നിരിക്കാൻ തനിക്ക് കാത്തിരിക്കാൻ കഴിയില്ല. 30 വർഷമായി ബിബിസിയിൽ സ്‌പോർട്‌സ് കൈകാര്യം ചെയ്യുന്നു. ലോകത്തിലെ തന്നെ മികച്ച അവതാരകനായി പ്രവർത്തിക്കുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളെല്ലാം ഏറെ കഷ്ടതകൾ നിറഞ്ഞതായിരുന്നു. ഒരിക്കലും യുദ്ധത്തെയോ ശിക്ഷയെയോ ഭയന്ന് നിങ്ങളുടെ വീട് വിട്ട് മറ്റൊരു നാട്ടിലേക്ക് പോയെന്ന് വിചാരിക്കരുത്. കഷ്ടതകളിൽ വീർപ്പ് മുട്ടുമ്പോഴും നിങ്ങൾ കാണിച്ച സഹാനുഭൂമി മനസ്സ് നിറച്ചെന്നും ഗാരി ലിനേക്കർ കൂട്ടിച്ചേർത്തു.











