ലാഹോർ: തെഹ്രീകെ ഇൻസാഫ് ചെയർമാനും പാകിസ്താൻ മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. ഇസ്ലാമാബാദ് കോടതിയുടെ നിർദേശ പ്രകാരം അടുത്ത 24 മണിക്കൂറിനുള്ളിൽ പോലീസ് ഇമ്രാനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊതുയോഗത്തിൽവച്ച് വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും തോഷാഖാന കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനുമാണ് ഇമ്രാനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20ന് നടന്ന റാലിയിലാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സേബ ചൗധരിയേയും പോലീസ് ഉദ്യോഗസ്ഥരേയും ഇമ്രാൻ വെല്ലുവിളിച്ചത്. കേസിന്റെ വിചാരണയ്ക്ക് തുടർച്ചയായി ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്.
ശാരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാ്ട്ടിയാണ് നേരിട്ട് ഹാജരാകാതിരുന്നത്. ഓൺലൈനായി കോടതി നടപടികളുടെ ഭാഗമാകുന്നതിനും ഇമ്രാൻ അപേക്ഷ സമർപ്പിച്ചിരുന്നു. ഈ ആവശ്യം തള്ളിക്കൊണ്ടാണ് ജഡ്ജി റാണാ മുജാഹിദ് റഹീമിന്റെ ഉത്തരവ്. ഇമ്രാനെ അറസ്റ്റ് ചെയ്യാൻ വലിയൊരു സംഘം പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയെങ്കിലും പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് തിരികെ പോവുകയായിരുന്നു.
അറസ്റ്റ് ചെയ്യാനായി പോലീസ് എത്തിയതറിഞ്ഞ് ഇമ്രാന്റെ നേതൃത്വത്തിൽ ലഹോറിൽ പതിനായിരക്കണക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുക്കുന്ന റാലി സംഘടിപ്പിച്ചിരുന്നു. റാലി അവസാനിപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ബുള്ളറ്റ് പ്രൂഫ് കാറിലിരുന്നാണ് ഇമ്രാൻ റാലി നയിക്കുന്നത്. റാലി തടഞ്ഞാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് പിടിഐ നേതാവ് ഫവാദ് പറഞ്ഞു.
Discussion about this post