വാഷിംഗ്ടൺ: ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസിഡർ ആയി മുൻ ലോസ് ഏഞ്ചൽസ് മേയർ എറിക്ക് ഗാർസെറ്റി ചുമതലയേൽക്കും. എറിക്ഗാർസെറ്റിയുടെ നിയമനത്തിന് യുഎസ് സെനറ്റ് അനുമതി നൽകി.
ജോ ബൈഡന്റെ അടുത്ത അനുയായികളിലൊരാളാണ് എറിക് ഗാർസൈറ്റി. ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സഹ അദ്ധ്യക്ഷനായിരുന്ന ഇദ്ദേഹത്തെ 2021ലാണ് ജോ ബൈഡൻ നാമനിർദ്ദേശം ചെയ്തത് എന്നാൽ ഇതിന് അംഗീകാരം ലഭിക്കാതെ വന്നതിന് പിന്നാലെ ഈ വർഷം ജനുവരിയിൽ വീണ്ടും നാമനിർദ്ദേശം ചെയ്യപ്പെടുകയായിരുന്നു. രണ്ട് വർഷമായി ഗാർസെറ്റിയുടെ നിയമനം സെനറ്റിന്റെ പരിഗണനയിലായിരുന്നു.
മേയർ ആയിരുന്ന കാലത്ത് തന്റെ ഓഫീസിലെ ജീവനക്കാർക്കെതിരെയുണ്ടായ ലൈംഗിക ആരോപണങ്ങളിൽ ഗാർസെറ്റി അച്ചടക്ക നടപടികൾ സ്വീകരിക്കാതിരുന്നത് വലിയ വിവാദമായിരുന്നു.തുടർന്ന് നാമനിർദ്ദേശം സ്തംഭിച്ച നിലയിലായിരുന്നു. 12 വർഷത്തോളം അമേരിക്കൻ നാവിക സേനയിലെ ഓഫീസറായിരുന്ന എറിക് കോളേജ് അദ്ധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്.








