എറണാകുളം : ലോട്ടറി അടിച്ച ഞെട്ടലിൽ വിവിധ ഭാഷാ തൊഴിലാളി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്. മൂവാറ്റുപുഴയിലാണ് സംഭവം. സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്കാണ്. കേരള പോലീസ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.
കൊൽക്കത്ത സ്വദേശിയായ എസ്.കെ.ബദേസിനാണ് ലോട്ടറി അടിച്ചത്. ഒന്നാം സമ്മാനം അടിച്ച കാര്യം അറിഞ്ഞപ്പോൾ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ ബദേസ് നേരെ പോലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. ആരെങ്കിലും തന്റെ കയ്യിൽ നിന്നും ലോട്ടറി തട്ടിയെടുക്കുമോ എന്ന ആശങ്കയിലായിരുന്നു ബദേസ്. ഇയാളെ പോലീസ് ഉദ്യോഗസ്ഥർ ആശ്വസിപ്പിക്കുകയും കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുകയും ചെയ്തു.
റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയപ്പോഴാണ് ഇയാൾ ലോട്ടറി എടുത്തത്. ഭാഗ്യമായി ലഭിച്ച പണവുമായി കൊൽക്കത്തയിലേക്ക് മടങ്ങാനിരിക്കുകയാണ് ബദേസ്.
Discussion about this post