ഇസ്ലാമാബാദ്: പ്രധാനമന്ത്രിയായിരിക്കെ വിദേശ രാജ്യങ്ങളിൽ നിന്ന് ലഭിച്ച വിലകൂടിയ സമ്മാനങ്ങൾ സർക്കാരിൽ നിന്ന് ഡിസ്‌കൗണ്ട് നിരക്കിൽ വാങ്ങി മറിച്ചുവിറ്റ സംഭവത്തിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പുറപ്പെടുവിച്ചിരുന്ന അറസ്റ്റ് വാറണ്ട് ഒഴിവാക്കി ഇസ്ലാമാബാദ് ഹൈക്കോടതി. ഇമ്രാൻ ഖാൻ കോടതിയിൽ ഹാജരായതിനെ തുടർന്നാണ് നടപടി. തോഷഖാന കേസ് ഉൾപ്പെടെ 9 കേസുകളിൽ ഇമ്രാനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടയുകയും ചെയ്തു.
ഇമ്രാൻ കോടതിയിൽ ഹാജരാകിതിരുന്നതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഒരാഴ്ചയിലധികമായി ഇമ്രാനെ അറസ്റ്റ് ചെയ്യാൻ പോലീസ് അദ്ദേഹത്തിന്റെ ലാഹോറിലെ വസതിക്ക് പുറത്ത് കാത്ത് നിൽക്കുകയുമായിരുന്നു. എന്നാൽ ഇമ്രാൻ കോടതിയിലേക്ക് തിരിച്ചതിന് പിന്നാലെ പോലീസ് വീട്ടിൽ പരിശോധന നടത്തി.
ആയുധങ്ങളും പെട്രോൾ ബോംബുകളും ഇമ്രാന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തതായി പോലീസ് അവകാശപ്പെട്ടു. പാകിസ്താൻ പഞ്ചാബിലെയും ഇസ്ലാമാബാദിലെയും പോലീസാണ് ഇമ്രാന്റെ വസതിയിൽ പരിശോധന നടത്തിയത്. ആയുധങ്ങളുമായി അനുയായികളെയും പിടികൂടിയതായി പോലീസ് പറഞ്ഞു. ഇമ്രാന്റെ പാർട്ടി പ്രവർത്തകരായ 61 പേർ ്അറസ്റ്റിലായെന്നാണ് വിവരം. പത്ത് പ്രവർത്തകർക്കും മൂന്ന് പോലീസുകാർക്കും സംഘർഷങ്ങളിൽ പരിക്കേൽക്കുകയും ചെയ്തു.
ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്തും ഇമ്രാന്റെ അനുയായികളും പോലീസും ഏറ്റുമുട്ടിയിരുന്നു. ഒരാഴ്ചയിലധികമായി ലാഹോറിലെ വസതിക്ക് ചുറ്റും പാർട്ടി പ്രവർത്തകരെ രംഗത്തിറക്കിയാണ് ഇമ്രാൻ ഖാൻ അറസ്റ്റിനെ പ്രതിരോധിച്ചത്. പല തവണ പോലീസും ഇമ്രാന്റെ അനുയായികളും സംഘർഷത്തിലെത്തിയിരുന്നു.












