എറണാകുളം: അങ്കമാലിയിൽ ബഹുനില കെട്ടിടത്തിലെ കോൺക്രീറ്റ് സ്ലാബുകൾ ഇടിഞ്ഞ് വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. നിർമ്മാണ തൊഴിലാളികളായ ജോണി അന്തോണി (52), ബംഗാൾ സ്വദേശി അലി ഹസൻ (30) എന്നിവരാണ് മരിച്ചത്. കറുകുറ്റിയിൽ നിർമ്മാണ ജോലികൾ പുരോഗമിക്കുന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത്.
രാവിലെയോടെയായിരുന്നു സംഭവം. നിർമ്മാണ പ്രവർത്തനങ്ങൾക്കായി തൊഴിലാളികൾ മുകളിലേക്ക് കയറുമ്പോഴായിരുന്നു അപകടം ഉണ്ടായത് എന്നാണ് വിവരം. ഇവർക്കൊപ്പം മറ്റ് മൂന്ന് തൊഴിലാളികൾ കൂടിയുണ്ടായിരുന്നു. ഇവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരും മരിക്കുകയായിരുന്നു.
ഫെറോന പള്ളിയുടെ സമീപമാണ് കെട്ടിട നിർമ്മാണ ജോലികൾ പുരോഗമിക്കുന്നത്. നിർമ്മാണത്തിലെ അശാസ്ത്രീയതയാണോ അപകടത്തിന് കാരണം ആയത് എന്നകാര്യം പരിശോധിച്ചുവരികയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണ്.












