ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബജറ്റ് ചിത്രം ‘വിടുതലൈ പാർട്ട് 1’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച ‘തുണൈവൻ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ഇത് പുറത്തിറക്കുക
ദക്ഷിണേന്ത്യയിലെ പ്രമുഖ നിർമ്മാതാവ് എൽറെഡ് കുമാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആർ എസ് ഇൻഫോടെയ്ൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. ‘അസുരന്’ ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകർക്ക് തിയേറ്റർ എക്‌സ്പീരിയൻസ് നൽകുമെന്നുറപ്പാണ്.
ആർആർആർ, വിക്രം എന്നീ ചിത്രങ്ങൾ കേരളത്തിൽ റിലീസ് ചെയ്ത എച്ച്.ആർ. പിക്‌ചേഴ്‌സ് ആണ് വിതരണം ചെയ്യുന്നത്. കേരളത്തിൽ ഇരുന്നൂറോളം തിയേറ്ററുകളിലാണ് വിടുതലൈ പാർട്ട് 1 റിലീസ് ചെയ്യുന്നത്.
വിജയ് സേതുപതി അദ്ധ്യാപകനായും സൂരി പോലീസ് ഉദ്യോഗസ്ഥനായും എത്തുന്ന ‘വിടുതലൈ’ രണ്ട് ഭാഗങ്ങളായാണ് റിലീസാകുന്നത്. ഇളയരാജയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. വെട്രിമാരന്റെ മുൻ സിനിമകൾക്ക് സ്ഥിരമായി ക്യാമറ കൈകാര്യം ചെയ്ത വേൽരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ-ആർ രാമർ, ആക്ഷൻ-പീറ്റർ ഹെയ്ൻ, കലാസംവിധാനം-ജാക്കി, പി ആർ ഓ : പ്രതീഷ് ശേഖർ.











