കൊച്ചി നടൻ ഇന്നസെന്റ് അന്തരിച്ചു(75). രാത്രി 10:30 ഓടെയായിരുന്നു അന്ത്യം. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ചയായി കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഇസിഎഒയുടെ സഹായത്തോടെയായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജീവൻ നിലനിർത്തിയിരുന്നത്. മൃതദേഹം നാളെ രാവിലെ 8 മുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. വെെകുന്നേരം 5:30 ന് സെൻ്റ് തോമസ് കത്തീഡ്രലിലാണ് സംസ്കാരം ചടങ്ങുകൾ നടക്കുക.
600 ലധികം സിനിമകളിൽ അഭിനയിച്ച ഇന്നസെൻ്റ് 18 വർഷക്കാലം താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡൻ്റായിരുന്നു. 2014- മുതൽ 2019 വരെ ചാലക്കുടി ലോക്സഭാമണ്ഡലത്തിൽ നിന്നുള്ള എംപിയായിരുന്നു. 1972 ൽ പുറത്തിറങ്ങിയ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്റ് വെള്ളിത്തിരയിലെത്തിയത്. ഹാസ്യനടനായി പ്രേക്ഷകമനസിൽ ഇടം പിടിച്ച അദ്ദേഹം സ്വഭാവനടനായും നായകനായും അഭിനയിച്ചു.
2009ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡും 1989 ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സർക്കാർ അവാർഡും, പത്താം നിലയിലെ തീവണ്ടി എന്ന സിനിമയിലെ അഭിനയത്തിന് 2009 മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ ഫിലിം ക്രിട്ടിക്‌സ് അവാർഡും ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്.2007 ൽ സത്യൻ പുരസ്‌കാരം,2008 മികച്ച പ്രകടനത്തിനുള്ള വാർഷിക മലയാള ചലച്ചിത്ര പുരസ്‌കാരത്തിനും അർഹനായിട്ടുണ്ട്.
Discussion about this post