മാണി രാജിവെയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. ബാര്‍ കോഴ പ്രശ്‌നത്തില്‍ മന്ത്രി കെ.എം. മാണിയുടെ രാജി അനിവാര്യം; അമാന്തമരുത് എന്ന് വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നു.
വിജിലന്‍സ് കോടതിയുടെയും ഹൈക്കോടതിയുടെയും പരാമര്‍ശങ്ങളില്‍ കഴമ്പുണ്ടോ ഇല്ലയോ എന്ന കാര്യത്തേക്കാള്‍ വ്യക്തിപരമായ നൈതികതയും രാഷ്ട്രീയ സത്യസന്ധ്യതയുമാണ് ഇക്കാര്യത്തില്‍ പ്രധാനം. നിയമവിശാരദന്‍ കൂടിയായ കെ.എം. മാണിക്ക് നിയമവഴികളോ കോടതി വിധിയോയുള്ള ബഹുമാനമോ ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. കെ.എം. മാണിയുടെ രാഷ്ട്രീയ പരിണിതപ്രജ്ഞ ഏറ്റവും ഉയര്‍ന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ടത് ഇപ്പോഴാണ്.
മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടത് കെ.എം. മാണിയുടെ വിശുദ്ധിക്കും രാഷ്ട്രീയഭാവിക്കും അനിവാര്യമാണ്. നിയമത്തോടും നീതിപീഠങ്ങളോടും എക്കാലത്തും ആദരവ് പ്രകടിപ്പിച്ച കോണ്‍ഗ്രസിന് ഇക്കാര്യത്തിലുള്ള അഭിപ്രായം ഭിന്നമല്ല. തീക്ഷ്ണമായ നിയമ പോരാട്ടങ്ങളിലൂടെ തങ്ങളുടെ നിരപരാധിത്വം തെളിയിച്ചു അഗ്‌നിവിശുദ്ധി വരുത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ മാതൃക ഏവര്‍ക്കും സ്വീകാര്യമാണ്.
രാജന്‍ കേസില്‍ കെ. കരുണാകരന്റെ രാജി കേരള രാഷ്ട്രീയത്തിലെ ഉത്തമ മാതൃകയാണ്. കരുണാകരന്റെ രാജി ആദ്യം ആവശ്യപ്പെട്ടത് വീക്ഷണമാണ്. മകളുടെ വിവാഹക്കേസില്‍ എം.പി.ഗംഗാധരന്റെയും ചന്ദന ഫാക്ടറി കേസില്‍ കെ.പി.വിശ്വനാഥന്റെയും രാജികളും വലിയ മാതൃകകളാണ്. ഇവരൊക്കെ പിന്നീട് തങ്ങളുടെ നിരപരാധിത്വം തെളിയിച്ചവരുമാണ്. എല്ലാ വഴികളും അടഞ്ഞശേഷം രാജി എന്ന തീരുമാനത്തിലെത്തുന്നത് ആത്മഹത്യാപരമായിരിക്കും.
ഇത്തരം കാര്യങ്ങളില്‍ വൈകാരികതയേക്കാള്‍ വിവേകമാണ് മുന്നില്‍ നില്‍ക്കേണ്ടത്. ഭരണതലത്തിലിരിക്കുന്നവര്‍ക്കെതിരെ കോടതി പരാമര്‍ശങ്ങളുണ്ടാകുമ്പോള്‍ രാജിവയ്ക്കുക എന്നത് പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിലെ നടപ്പ് രീതിയാണ്. കച്ചിത്തുരുമ്പുകള്‍ക്കോ മുടന്തന്‍ ന്യായങ്ങള്‍ക്കോ അവിടെ പ്രസക്തിയില്ല. അനിവാര്യമായത് അനിവാര്യമായ ഘട്ടത്തില്‍ ചെയ്യാത്തവരെയാണ് ചരിത്രം കുറ്റക്കാരെന്ന് വിളിക്കുന്നതെന്നും വീക്ഷണം മുഖപ്രസംഗം പറയുന്നു.
Discussion about this post