ന്യൂഡൽഹി : ലോക വനിതാ ബോക്‌സിംഗിൽ രണ്ടാമതും സ്വർണം നേടി നിഖാത് സറീൻ. 50 കിലോഗ്രാം വിഭാഗത്തിൽ വിയറ്റ്നാമിന്റെ തി താം എൻഗുയെനെ 5-0 നാണ് നിഖാത് പരാജയപ്പെടുത്തിയത്. തുടർച്ചയായി രണ്ടാം വർഷമാണ് നിഖാത് സ്വർണം നേടുന്നത്. ഡൽഹിയിലെ കെ ഡി ജാദവ് ഇൻഡോർ ഹാളിൽ വെച്ചാണ് ചാമ്പ്യൻഷിപ്പ് നടന്നത്.
‘ഞാൻ രണ്ടാം തവണയും ലോക ചാമ്പ്യനായതിൽ സന്തോഷമുണ്ട്. എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. ഈ മെഡൽ എന്റെ രാജ്യമായ ഇന്ത്യക്ക് വേണ്ടിയുള്ളതാണ്. ഇത് ബുദ്ധിമുട്ടുള്ള ഒരു മത്സരമായിരുന്നു, പക്ഷേ അവസാനം ഞാൻ സ്വർണ്ണ മെഡൽ നേടി,’ നിഖാത് പറഞ്ഞു.
മേരി കോമിന് ശേഷം ഐബിഎ വനിതാ ലോക ചാമ്പ്യൻഷിപ്പിൽ ഒന്നിലധികം സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ബോക്‌സർ കൂടിയാണ് നിഖാത്. കഴിഞ്ഞ വർഷം ഇസ്താംബൂളിൽ നടന്ന വനിതകളുടെ 52 കിലോഗ്രാം വിഭാഗത്തിൽ നിഖാത് സ്വർണം നേടിയിരുന്നു.
ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാം സ്വർണം കൂടിയാണിത്. നിതു ഘൻഘാസും (48 കി.ഗ്രാം) സവീതി ബൂറയും (81 കി.ഗ്രാം) സ്വർണം നേടിയിരുന്നു.










Discussion about this post