ഇൻഡോർ: സ്‌കൂളിൽ ബാലാവകാശ കമ്മീഷൻ നടത്തിയ മിന്നൽ പരിശോധനയിൽ സ്‌കൂൾ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കോണ്ടം പാക്കറ്റുകളും മദ്യക്കുപ്പികളും കണ്ടെടുത്തു. മദ്ധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം.ബാലാവകാശ കമ്മീഷന്റേയും ജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.കെ പഥകിന്റേയും നേതൃത്വത്തിലാണ് സ്‌കൂളിൽ പരിശോധന നടത്തിയത്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സാധനസാമഗ്രികളും സ്‌കൂളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ സ്‌കൂൾ അടച്ച് പൂട്ടാൻ മൊറേന കളക്ടർക്ക് ബാലാവകാശ കമ്മീഷൻ ശുപാർശ നൽകി. സ്‌കൂൾ പ്രിൻസിപ്പലിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. വിദേശമദ്യക്കുപ്പികൾ കണ്ടെടുത്തതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂൾ പ്രിൻസിപ്പലിനെതിരെ എക്‌സൈസ് കേസെടുത്തിരിക്കുന്നത്.
സാധാരണ പരിശോധനയ്ക്ക് വേണ്ടിയാണ് തങ്ങൾ സ്‌കൂളിൽ എത്തിയതെന്ന് ബാലാവകാശ സമിതി അംഗങ്ങൾ പറയുന്നു. സ്‌കൂളിനുള്ളിൽ ഇത്രയധികം മദ്യക്കുപ്പികൾ സൂക്ഷിച്ചിരിക്കുന്നത് കണ്ട് അമ്പരപ്പുണ്ടായെന്നും, ഇത് അനുവദനീയമല്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ മദ്യക്കുപ്പികൾ കണ്ടെടുത്തത് റെസിഡൻഷ്യൽ ഏരിയയിൽ നിന്നാണെന്നും, ഇത് സ്‌കൂൾ ക്യാമ്പസിന് പുറത്താണെന്നുമാണ് പ്രിൻസിപ്പലിന്റെ വാദം. ഒഴിഞ്ഞ മദ്യക്കുപ്പികളിലും അവർ മദ്യം നിറച്ചതായിരിക്കാമെന്നും, തങ്ങൾ മദ്യം ഉപയോഗിക്കുന്നവരല്ലെന്നുമാണ് പ്രിൻസിപ്പലിന്റെ വാദം.











