അന്താരാഷ്ട്ര ഫുട്ബോളിൽ നൂറ് ഗോൾ തികച്ച് ലിയൊണൽ മെസ്സി. കുറസാവോക്കെതിരെ നടന്ന സൗഹൃദമത്സരത്തിലാണ് മെസ്സി നൂറ് ഗോൾ തികച്ചത്. 174 മത്സരങ്ങളിൽ നിന്നാണ് അർജന്റൈൻ നായകന്റെ നേട്ടം. അർജന്റീനയിലെ സാന്റിയാഗോയിലാണ് മത്സരം പുരോഗമിക്കുന്നത്. നിലവിൽ മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് അർജന്റീന മുന്നിലാണ്.
ഫുട്ബോൾ ചരിത്രത്തിൽ നൂറ് ഗോൾ നേടുന്ന മൂന്നാമത്തെ താരമാണ് മെസ്സി. പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോയാണ് ഒന്നാമത്. 122 ഗോളുകളാണ് റൊണാൾഡോ നേടിയത്. ഇറാന്റെ അലി ദേയി 109 ഗോളുകളുമായി രണ്ടാമതുണ്ട്.
2005 മുതലാണ് മെസ്സി അർജന്റീനയുടെ സീനിയർ ടീം ദേശീയ ജേഴ്സിയണിഞ്ഞത്. 2004-ൽ അണ്ടർ 20 ടീമിലും കളിച്ചിരുന്നു. 2006 മുതൽ 2022 വരെ അഞ്ച് ഫുട്ബോൾ ലോകകപ്പിലും പങ്കെടുത്തു. 2005 ഓഗസ്റ്റ് 17ന് ഹംഗറിക്കെതിരേയായിരുന്നു മെസ്സിയുടെ അരങ്ങേറ്റ മത്സരം. 2006 മാർച്ച് ഒന്നിന് ക്രൊയേഷ്യക്കെതിരെയാണ് താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ പിറക്കുന്നത്.
Discussion about this post