കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരൻറെ ഭാര്യയും കൊൽക്കത്ത മുനിസിപ്പൽ കൗൺസിലറുമായ കജാരി ബാനർജിക്ക് ഇഡി നോട്ടീസ്. സാമ്പത്തിക അഴിമതി കേസിൽ ചോദ്യം ചെയ്യാനായി ഹാജരാവണമെന്ന് കാണിച്ചാണ് നോട്ടീസ്.
ബാലിഗഞ്ചിലെ ഗജ്‌രാജ് ഗ്രൂപ്പ് എന്ന കൺസ്ട്രക്ഷൻ കമ്പനിയുടെ ഓഫീസിൽ നിന്ന് 1.3 ദശലക്ഷം രൂപ ഇഡി കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് റെയ്ഡ് നടന്നത്. ജിത്തി ഭായ് എന്ന വ്യവസായിക്ക് ഇടപാടുമായി ബന്ധമുണ്ടെന്ന് ഇഡി സ്ഥിരീകരിച്ചു. മമതാ ബാനർജിയുടെ സഹോദരൻ കാർത്തിക്കിന്റെ ഭാര്യ കജിരിക്ക് ജിത്തി ഭായിയുമായി കൂട്ടുസ്വത്തുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ആ സ്വത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് കജിരി ബാനർജിയെ വിളിപ്പിച്ചതെന്നാണ് സൂചന.
തന്റെ കുടുംബാംഗത്തെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായികഴിഞ്ഞ ദിവസം നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ മമത ബാനർജി നേരിട്ട് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ഇഡി നടപടിയിൽ മുഖ്യമന്ത്രി മമത ബാനർജി തന്റെ രോഷം പ്രകടിപ്പിച്ചു കഴിഞ്ഞു. വീട്ടമ്മമാർക്ക് വരെ ഇഡിയും സിബിഐയും നോട്ടീസയക്കാൻ തുടങ്ങി എന്നായിരുന്നു മമതയുടെ വാക്കുകൾ.
കാളിഘട്ട് പ്രദേശത്ത് ജിത്തി ഭായിക്കും കജാരി ബാനർജിയ്ക്കും രണ്ട് കൂട്ടുസ്വത്തുക്കൾ ഉള്ളതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. കജാരി ബാനർജിയും ജിത്തി ഭായിയുടെ ഭാര്യ ദൽജിത് കൗറും മറ്റൊരു കൂട്ടുസ്വത്തിന് ഉടമകളാണ്. ഫെബ്രുവരിയിൽ ജിത്തി ഭായിയെ ഇഡി 16 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. കജാരി ബാനർജിയിൽ നിന്നുകൂടി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജിത്തിഭായിയെ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്.








