നിലപാട്_
എസ്.വി പ്രദീപ്
ഡല്‍ഹി തിരക്കഥ പൊളിച്ചെഴുതാന്‍ ഉമ്മന്‍ചാണ്ടിക്കാകുമോ? കോണ്‍ഗ്രസില്‍ അസംതൃപ്തിയുടെ നേതൃത്വമേറ്റെടുത്ത് ത്രിമൂര്‍ത്തികള്‍. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയകൗശലം അട്ടിമറിച്ച് പകവീട്ടാന്‍ കേരള ഹൈക്കമാന്‍ഡെന്ന മൂവര്‍ സംഘത്തിനാകുമോ?
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുവകോണ്‍ഗ്രസ് തുര്‍ക്കിയെ ബന്ധപ്പെട്ടപ്പോഴാണ് പാര്‍ട്ടിയിലെ അടുത്ത നിയമസഭാകക്ഷി നേതാവിനായി ഡല്‍ഹി കേന്ദ്രീകരിച്ച് രൂപപ്പെടുന്ന തിരക്കഥയുടെ സൂചന ലഭിച്ചത്. സ്കെച്ച് ഇടല് മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയിരുന്നു. തദ്ദേശതിരഞ്ഞെടുപ്പ് ഫലം വന്ന സാഹചര്യത്തില്‍ ഷോട്ട് ഡിവിഷന് വേഗത്തില്‍ നടക്കുന്നു. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം : ‘ത്രിമൂര്‍ത്തികള്‍’ എന്ന ‘കേരള ഹൈക്കമാന്‍ഡ്’
ഞാന്‍ ചില സംശയങ്ങള്‍ സൂചിപ്പിച്ചപ്പോള്‍ ‘പക’യുടെ ചരിത്രബോധത്തെ കൂട്ടുപിടിച്ചാണ് യുവതുര്‍ക്കി സാഹചര്യങ്ങള്‍ വിശദീകരിച്ചത്.
നിലവിലെ നിയമസഭാ കക്ഷിയുടെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് ഒട്ടും തൃപ്തരല്ല. പ്രത്യേകിച്ച് ‘കേരള ഹൈക്കമാന്‍ഡ്’. അഴിമതി ആരോപണങ്ങള്‍ മൂടിയപ്പോള്‍ മാസങ്ങള്‍ക്ക് മുമ്പേ കേരളഹൈക്കമാന്ഡിന്റെ ഉപദേശത്തെ തുടര്‍ന്ന് സോണിയ ഗാന്ധി ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ച് മുന്നറിയിപ്പ് നല്കിയത്രേ. അന്ന് ചിരിച്ചിരുന്നതല്ലാതെ ഉമ്മന്‍ചാണ്ടി വാ തുറന്നില്ല. ചാണ്ടിക്ക് ഇരു ഹൈക്കമാന്‍ഡിനേയും പരമപുച്ഛമാണ്.
ആവശ്യമെങ്കില്‍ കേരളത്തില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ കേരളഹൈക്കമാന്‍ഡിന് നേതൃത്വം നല്കുന്ന എ കെ ആന്റണിക്ക് ഡല്‍ഹി ഹൈക്കമാന്‍ഡ് സര്‍വസ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. ചാണ്ടിയും ചെന്നിത്തലയും എല്ലാ ആയുധവും എടുത്ത് വീശിയിട്ടും ഇരുവരുടേയും നോമിനിയായ ജി കാര്‍ത്തികേയനെ വെട്ടിമാറ്റി വി എം സുധീരനെ കെ പി സി സി പ്രസിഡന്റായി കേരള ഹൈക്കമാന്റ് വാഴിച്ചതിന് ആന്റണിക്കും സംഘത്തിനും കൃത്യമായ ലക്ഷ്യമുണ്ടെന്ന് യുവതുര്‍ക്കി. ഡല്‍ഹി തിരക്കഥ നടപ്പാക്കണം
ഞാന്‍ വീണ്ടും: അത് വിജയിക്കുമോ? പിന്നെ എന്തേ കേരള ഹൈക്കമാന്‍ഡിന് ലക്ഷ്യത്തോട് അടുക്കാനാവുന്നില്ല?!
പാര്‍ട്ടിയില്‍ ചാണ്ടി അനുകൂലികളുടെ ശബ്ദം നാള്‍ക്കുനാള്‍ നേര്‍ത്ത് നേര്‍ത്ത് വരുന്നു. പാര്‍ട്ടിഫോറത്തില്‍ ചാണ്ടിക്കായി വീറോടെ വാദിക്കാന്‍ പണ്ടേപോലെ യുവചാവേറുകള്‍ തയ്യാറല്ല. പല്ലും നഖവും രാകി രാകി തേഞ്ഞ പഴയ ചില പടകുതിരകളാണ് അല്പം ആശ്വാസം. യുവതുര്‍ക്കിയുടെ കണക്കുകൂട്ടലില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ശാക്തിക ചേരികളില്‍ വന്‍മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. അല്ലെങ്ങില്‍ കേരളഹൈക്കമാന്‍ഡെന്ന ത്രിമൂര്‍ത്തികള്‍ വരുത്തികഴിഞ്ഞു. ത്രിമൂര്‍ത്തികള്‍ നിയോഗിച്ച സുധീരനെന്ന പടത്തലവന് നിലം ഉഴുത് ഒരുക്കി ഞാറ് നട്ട് വെളളമൊഴിച്ച് വളമിട്ടു….
അപ്പോഴും ഞാന്‍ ഇടപ്പെട്ടു :
പാകമാക്കി വിളവെടുക്കാന്‍ കഴിയുമോ? അത് എന്നെന്നോ എങ്ങനെയെന്നോ ആര്‍ക്കും വ്യക്തമായ ഉത്തരമില്ലെന്ന് യുവതുര്‍ക്കി.
അതാണ് ഉമ്മന്‍ചാണ്ടി;
ചാണ്ടി എന്തിന് വികസന പദ്ധതികളുമായി അടിക്കടി കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തുന്നു? എന്ത് കൊണ്ട് കെ എം മാണിയെ അതിശക്തമായി അവസാനം വരെ ന്യായികരിക്കുന്നു? എന്തുകൊണ്ട് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നു? യുവതുര്‍ക്കി ചോദിച്ചപ്പോള്‍ മറുപടി മൂളലില്‍ ഒതുക്കാനേ എനിക്കായുളളൂ.
അതാണ് ‘ചാണ്ടി രാഷ്ട്രീയം’
എ കെ ആന്റണിയും വയലാര്‍ രവിയും മുല്ലപ്പളളി രാമചന്ദ്രനും എന്ന കേരള ഹൈക്കമാന്‍ഡിനേയും അവരുടെ സംസ്ഥാന പടത്തലവന് വി എം സുധീരനെയും ‘രാഷ്ട്രീയമായും ജാതീയമായും മതപരമായും’ നേരിടാന്‍ മേല്‍പ്പറഞ്ഞവ പിന്തുടരണമെന്ന് ഉമ്മന്‍ ചാണ്ടിയെ ആരും ഓതേണ്ട കാര്യമില്ല.
1977 ല്‍ രാജന്‍കേസിനെ തുടര്‍ന്നും 1995 ല്‍ ചാരകേസിനെ തുടര്‍ന്നും 2001 ല്‍ തിരഞ്ഞെടുപ്പിലൂടെയും എ കെ ആന്റണിയെ മുഖ്യമന്ത്രിക്കസേരയില്‍ എത്തിച്ചു. പിടിവിടുന്നു എന്ന് തോന്നിച്ചപ്പോ അതേ ആന്റണിയെ 2004 ലെ വീഴ്ചയിലും വായ്പ്പിഴവിലും കൈകൊടുത്ത് സംരക്ഷിക്കാതെ ഡല്‍ഹിക്ക് വിമാനം കയറ്റി. 199192 ല്‍ കെ പി സി സി അധ്യക്ഷസ്ഥാനത്ത് വയലാര്‍ രവിയോട് 18 വോട്ടിന് തോറ്റ് കരഞ്ഞ ആന്റണിയുടെ കണ്ണുനീര് അന്ന് ഒപ്പിയത് പോലെ ഒപ്പിയെടുക്കാന്‍ ചാണ്ടിയെ കിട്ടില്ല.
2004 ല്‍ മുഖ്യമന്ത്രിപദം നഷ്ടമായി ഡല്‍ഹിക്ക് വിമാനം കയറുമ്പോള്‍ ആന്റണി ചില കാര്യങ്ങള്‍ ഉറപ്പിച്ചിരുന്നത്രേ. അന്ന് ഉറപ്പിച്ച ലക്ഷ്യത്തോട് ഏറെ അടുത്ത് സന്ദര്‍ഭങ്ങള്‍ വന്നതാണ് പക്ഷേ ചാണ്ടി മാണി കുഞ്ഞാലി അച്ചുതണ്ട് കേരളഹൈക്കമാന്‍ഡിനെ പൊളിച്ചു. ഒപ്പം രമേശ് ചെന്നിത്തല എന്ന പാര്‍ട്ടി പ്രസിഡന്റിന്റെ കൗശലക്കുറവും. പിന്നെ അരുവിക്കര അടക്കം ഉപതിരഞ്ഞുടുപ്പ് ഫലങ്ങളും.
കാലം കണക്ക് തീര്‍ക്കലിന്റെ അസുലഭ അവസരമൊരുക്കി മുന്നില്‍ നില്ക്കുന്നു എന്ന് എ കെ ആന്റണിക്കും വയലാര്‍ രവിക്കും മുല്ലപ്പളളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയാല്‍ പതിറ്റാണ്ട് രാഷ്ട്രീയ വനവാസം വിധിക്കപ്പെട്ട വി എം സുധീരനും മനസിലാക്കിയിരിക്കുന്നു. ഇവര്‍ തുറന്ന് വിട്ടിരിക്കുന്ന യുവ ചാവേറുകളുടെ നിലപാട് കാണുമ്പോള്‍ കോണ്‍ഗ്രസ് ചരിത്രം പിന്നോട്ട് കറങ്ങി കരുണാകര ആന്റണി കാലത്തില്‍ എത്തിനില്‍ക്കുന്നു. ഇനി അറിയേണ്ടത് ബാര്‍ക്കോഴയും അനുബന്ധ കോടതിവിധികളും പഞ്ചായത്ത് തോല്‍വിയും ”കണ്ണുനീരിന്റെ കടംപറച്ചിലായി” ഉമ്മന്‍ചാണ്ടിയെ തിരിഞ്ഞ് കുത്തുമോ!!
യുവതുര്‍ക്കിയുടെ സൂചനകളിലെ ഡല്‍ഹി തിരക്കഥ ആദ്യ ഘട്ടത്തില്‍…….
കേരള മുഖ്യമന്ത്രി : വി എം സുധീരന് ; കെ പി സി സി പ്രസിഡന്റ് : മുല്ലപ്പളളി രാമചന്ദ്രന് ; എ കെ ആന്റണി രാഷ്ട്രപതി ; വയലാര്രവി കേന്ദ്രഭരണ പ്രദേശത്തെ ഗവര്‍ണര്‍…..
പക്ഷേ കണക്ക് തെറ്റിച്ച് കേന്ദ്ര ഭരണം എന്‍ ഡി എ കൈക്കലാക്കി. അതുകൊണ്ട് തിരക്കഥ മാറിയെന്നും യുവതുര്‍ക്കി…
മുഖ്യമന്ത്രി : എ കെ ആന്റണി ; ഉപമുഖ്യമന്ത്രി : വയലാര്‍ രവി ; ആഭ്യന്തരം : മുല്ലപ്പളളി രാമചന്ദ്രന് ; വി എം സുധീരന് : കെ പി സി സി പ്രസിഡന്റ് ; രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകുന്നതോടെ ചാവേറുകള്‍ക്ക് ദേശീയതലത്തില്‍ പ്രാധാന്യമുളള സ്ഥാനങ്ങള്‍..പിന്നെ വിവിധ സംസ്ഥാനങ്ങളുടെ ചുമതല.
ഡല്‍ഹി തിരക്കഥ ആദ്യം ചോര്‍ന്ന് കിട്ടിയതും ഉമ്മന്‍ചാണ്ടിക്ക്. വീരനും ചന്ദ്രചൂഡനും ജോസഫും അടക്കം ആരൊക്കെ ചേരി മാറിയാലും കേരള ഹൈക്കമാന്‍ഡിന്റെ ചാവേറുകള്‍ തലങ്ങും വിലങ്ങും ഉടവാള് വീശിയാലും ഉമ്മന്‍ചാണ്ടി മാണിയേയും കുഞ്ഞാലിയേയും വിട്ടുകളിക്കില്ല. അതാണ് ചാണ്ടിരാഷ്ട്രീയം. കൈവിട്ടാല്‍ അന്ന് അവസാനിക്കും ചാണ്ടി രാഷ്ട്രീയം. അതാണ് ത്രിമൂര്‍ത്തികള്‍ക്കും ആവശ്യം. ആ ചാണ്ടി രാഷ്ട്രീയത്തെ വെട്ടിത്തളളി മുന്നേറാന്‍ ത്രിമൂര്‍ത്തികള്‍ക്ക് കഴിഞ്ഞാല്‍ പിന്നെ കേരളത്തില്‍ ഓടുക ഡല്‍ഹി തിരകഥയിലെ ചിത്രമാകും. തനിക്കെതിരെ ‘ഗൂഢാലോചന’ എന്ന മാണിയുടെ വാക്കുകള്‍ക്ക് മൂര്‍ച്ച ഏറയാണ്. ആ കടുത്ത മൂര്‍ച്ചയുടെ കാഠിന്യത്തെ നിഷ്ഭ്രമമാക്കി മുന്നേറാന്‍ ത്രിമൂര്‍ത്തികള്‍ക്ക് എത്രകണ്ട് സാധിക്കും!!!??…
ഫലം എന്തായാലും അതാവും യു ഡി എഫിന്റെ പുതിയകാല ചരിത്രം. അവിടെ തുടങ്ങും യു ഡി എഫിലെയും കോണ്‍ഗ്രസിലേയും പുതിയ സമവാക്യങ്ങള്‍.
Discussion about this post