കൊച്ചി: തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്തയുടേതായി റിലീസിനൊരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘ശാകുന്തളം’ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിരുന്നു. ശാകുന്തളത്തിൻറെ പുതിയ ചർച്ചകളും സാമന്ത റൂത്ത് പ്രഭുവിനെ ചുറ്റിപറ്റിതന്നെയാണ് പുറത്തിറങ്ങിയിരിക്കുന്നത്.
വജ്രവും, സ്വർണ്ണവും കൊണ്ട് നിർമ്മിച്ച ആഭരണങ്ങൾ അണിഞ്ഞുള്ള സാമന്തയുടെ പുതിയ ചിത്രങ്ങൾ പുറത്തിറങ്ങിയതോടെ ശാകുന്തളം വീണ്ടും ചർച്ചയാവുകയാണ്. 14 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണവും വജ്രവും കൊണ്ട് നിർമ്മിച്ച ആഭരണങ്ങളാണ് സാമന്ത അണിഞ്ഞിരിക്കുന്നത്. കോടിക്കണക്കിന് വിലയുടെ യഥാർത്ഥ ആഭരണങ്ങൾ അണിഞ്ഞെത്തിയ സാമന്തയുടെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
ശാകുന്തളത്തിൻറെ സെറ്റ് ഡിസൈൻ മുതൽ കഥാപാത്രങ്ങളുടെ വസ്ത്രങ്ങളും അലങ്കാരങ്ങളും വരെ വളരെ ശ്രദ്ധയോടെയാണ് നിർമ്മാതാക്കൾ കൈകാര്യം ചെയ്യുന്നത്. ഡിസൈനർ നീത ലുല്ലയാണ് ശകുന്തളയുടെ വസ്ത്രാലങ്കാര നിർമ്മാണം.
കാളിദാസന്‍റെ വിഖ്യാതമായ ‘ശാകുന്തള’ത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുഷ്യന്ത മഹാരാജാവിന്‍റെ ഭാര്യയും, ഭരത ചക്രവർത്തിയുടെ അമ്മയുമായ ശകുന്തളയായാണ് സാമന്ത വേഷമിടുന്നത്. കാട്ടിൽ വേട്ടയാടാൻ പോകുമ്പോഴാണ് ദുഷ്യന്തന്‍ ശകുന്തളയെ കാണുന്നത്. അവിടെ വച്ച് ശകുന്തളയും ദുഷ്യന്തനും പ്രണയത്തിലാവുകയും ഗന്ധർവ സമ്പ്രദായ പ്രകാരം വിവാഹിതരാവുകയും ചെയ്യുന്നതാണ് ചിത്രത്തിലെ കഥാ പശ്ചാത്തലം. ചിത്രത്തില്‍ ദുഷ്യന്ത മഹാരാജാവിന്‍റെ വേഷത്തിൽ ദേവ് മോഹൻ ആണ് നായകനായി എത്തുന്നത്.
2023 ഏപ്രിൽ 24നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. മലയാളം, തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.












