ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊറോണ രോഗികളുടെ എണ്ണത്തിൽ വർദ്ധന. 3016 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനവുമാണ്. കൊറോണ കേസുകളിൽ ഇന്നലെ റിപ്പോർട്ട് ചെയ്തതിനെക്കാളും 40 ശതമാനം വർദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.
കൊറോണ ബാധിച്ച് 14 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതിൽ എട്ടും കേരളത്തിലാണ്. മൂന്ന് മരണം മഹാരാഷ്ട്രയിലും, രണ്ട് എണ്ണം ഡൽഹിയിലും, ഒരെണ്ണം ഹിമാചൽ പ്രദേശിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 98.78 ശതമാനമാണ് രോഗമുക്തി നിരക്ക്. 13,000ത്തിലധികം സജീവ രോഗികളാണ് ഇപ്പോൾ രാജ്യത്തുള്ളത്. ഇതിൽ 3000ത്തിന് മുകളിൽ രോഗികളും കേരളത്തിലാണ് ഉള്ളത്.
അതേസമയം കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡൽഹി സർക്കാർ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 300 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു രോഗി പോലുമില്ലാത്ത സാഹചര്യത്തിൽ നിന്നാണ് രോഗികളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് ഉണ്ടായത്. മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, താനെ, സാംഗ്ലി തുടങ്ങിയ ജില്ലകളിലും കൊറോണ കേസുകളുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്.








