തിരുവനന്തപുരം: വൈക്കം ശതാബ്ദി വേദിയിൽ തന്നെ മനപ്പൂർവ്വം അവഗണിച്ചെന്ന് കെ.മുരളീധരൻ എം.പി. പരിപാടി സംബന്ധിച്ചുള്ള വീക്ഷണം സപ്ലിമെന്റിലും തന്റെ പേരില്ല. പാർട്ടിക്ക് തന്റെ സേവനം വേണ്ടെങ്കിൽ, വേണ്ട. ഒരാൾ ഒഴിവായാൽ അത്രയും നല്ലത് എന്നാണ് അവരുടെയൊക്കെ മനോഭാവമെന്നും മുരളീധരൻ പറഞ്ഞു.
” ഇന്നലെ മൂന്ന് കെപിസിസി മുൻ പ്രസിഡന്റുമാരാണ് ചടങ്ങിൽ പങ്കെടുത്തത്. ഞാൻ ഉണ്ടായിരുന്നു, എംഎം ഹസൻ ഉണ്ടായിരുന്നു, രമേശ് ചെന്നിത്തല ഉണ്ടായിരുന്നു. ചെന്നിത്തലയ്ക്കും ഹസനും അവസരം കൊടുത്തു. എനിക്ക് മാത്രം തന്നില്ല. അത് സ്വാഭാവികമായിട്ടും ഒരു അവഗണനയുടെ ഭാഗമായിട്ടാണല്ലോ. അതിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ല. പങ്കെടുക്കുന്നുണ്ടോ എന്ന് ചോദിച്ചു. പങ്കെടുക്കുന്നുണ്ട് എന്ന് പറഞ്ഞു. പക്ഷേ വീക്ഷണത്തിന്റെ സപ്ലിമെന്റ് കണ്ടപ്പോഴും എന്റെ പേരില്ല.
ഇത് ബോധപൂർവ്വം മാറ്റി നിർത്തിയതാണ്. സ്വരം നന്നാകുമ്പോൾ തന്നെ പാട്ട് നിർത്താൻ ഞാൻ തയ്യാറാണ്. കാരണം പാർട്ടിയാണ് എന്നെ ഈ സ്ഥാനങ്ങളിലൊക്കെ എത്തിച്ചത്. പാർട്ടിക്ക് എന്റെ സേവനം ആവശ്യമില്ലെന്ന് തോന്നുമ്പോൾ അറിയിച്ചാൽ മതി, തുടർന്ന് ഇനി ഒന്നിലേക്കും ഉണ്ടികില്ലെന്ന് സൂചിപ്പിച്ചിട്ടുണ്ട്. കെ.സി.വേണുഗോപാലിനോടും, സുധാകരനോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
എന്താണ് ഒരു മുൻ കെപിസിസി പ്രസിഡന്റിന് മാത്രം സമയത്തിന്റെ കുറവ്. രണ്ട് മുൻ പ്രസിഡന്റുമാർക്ക് സമയത്തിന് കുറവ് ഉണ്ടായില്ലല്ലോ. എല്ലാവരും ധാരാളം പ്രസംഗിക്കുകയപം ചെയ്തു. ഒരാൾ ഒഴിഞ്ഞാൽ അത്രയും സുഖം എന്ന് കരുതുന്നവരോട് പറഞ്ഞിട്ടെന്താ കാര്യമെന്നും” മുരളീധരൻ പറഞ്ഞു.
അതേസമയം മുരളീധരനെ തള്ളി കോട്ടയം ഡിസിസിയും രംഗത്തെത്തി. സമ്മേളനം സംബന്ധിച്ച് ഒരു പരാതിയും ഇല്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് പറഞ്ഞു. കെപിസിസിയും ഡിസിസിയും ചേർന്നാണ് പ്രാസംഗികരുടെ പട്ടിക തയ്യാറാക്കിയതെന്നും നാട്ടകം സുരേഷ് വ്യക്തമാക്കി. സമയപരിമിതി കാരണമാണ് എല്ലാ നേതാക്കൾക്കും പ്രസംഗിക്കാൻ അവസരം കിട്ടാതിരുന്നതെന്നും നാട്ടകം സുരേഷ് പറഞ്ഞു.
Discussion about this post