തിരുവനന്തപുരം; ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ശമ്പള രഹിത സേവനം 41 ാം ദിവസം എന്ന പോസ്റ്റർ യൂണിഫോമിൽ പിൻ ചെയ്ത് ജോലി ചെയ്തതിന്റെ പേരിൽ സ്ഥലം മാറ്റിയ കെഎസ്ആർടിസി വനിതാ കണ്ടക്ടർ അഖിലയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജോലി ചെയ്താൽ കൂലി കിട്ടണം. കിട്ടിയില്ലെങ്കിൽ തൊഴിലാളികൾ അത് ചോദിച്ച് വാങ്ങുമെന്ന് വി.ഡി സതീശൻ ഫേസ്ബുക്ക് പ്രതികരണത്തിൽ പറഞ്ഞു.
41 ദിവസം ജോലി ചെയ്തു. മാസ ശമ്പളം കിട്ടിയില്ല. ശമ്പള രഹിത സേവനം നാൽപ്പത്തി ഒന്നാം ദിവസമെന്ന് ഒരു തുണ്ടുകടലാസിൽ യൂണിഫോമിൽ പിൻ ചെയ്ത് വച്ചതാണ് വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില . എസ്.നായർ ചെയ്ത വലിയ തെറ്റ്. വൈക്കത്ത് നിന്ന് പാലയിലേക്ക് സ്ഥലം മാറ്റി നടപടിയും എടുത്തു. ചെയ്ത ജോലിക്ക് ശമ്പളം നൽകുന്നതിനേക്കാൾ ആർജ്ജവത്തോടെ ശമ്പളം ചോദിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി എടുക്കുന്ന പൊതുമേഖല സ്ഥാപനമാണ് കെഎസ്ആർടിസിയെന്നും വി.ഡി സതീശൻ പറഞ്ഞു.
സമരങ്ങളോടും പ്രതിഷേധങ്ങളോടും എന്തിനാണ് അസഹിഷ്ണുതയെന്ന് അദ്ദേഹം ചോദിച്ചു.
ആവശ്യത്തിനും അനാവശ്യത്തിനും സമര പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന സി.പി.എം നേതാക്കൾക്ക് എന്ത് പറയാനുണ്ട്? തൊഴിലാളി വർഗത്തിന്റെ കരുത്തിൽ നിന്ന് ഉയർന്നു വന്നവരാണെങ്കിൽ, നിങ്ങൾ ഇപ്പോൾ തൊഴിലാളികളോട് ചെയ്യുന്നത് കടുത്ത വഞ്ചനയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സർക്കാരിന്റെ വാർഷികം ആഘോഷിച്ച് കോടികൾ പൊടിക്കുന്നതിന് പകരം തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകൂവെന്നും വി.ഡി സതീശൻ പറഞ്ഞു.
വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ് നായരെയാണ് പാലാ യൂണിറ്റിലേക്ക് സ്ഥലം മാറ്റിയത്. അഖിലയുടെ പ്രതിഷേധത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധയാകർഷിച്ചിരുന്നു. നവമാദ്ധ്യമങ്ങൾ വഴി പ്രതിഷേധത്തിന്റെ ചിത്രം പ്രചരിപ്പിച്ചുവെന്നും അതിലൂടെ സർക്കാരിനെയും കോർപ്പറേഷനെയും അപകീർത്തിപ്പെടുത്തിയെന്നുമാണ് കെഎസ്ആർടിസിയുടെ കണ്ടെത്തൽ. കെഎസ്ആർടിസി അഡ്മിനിസ്‌ട്രേഷൻ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് അഖിലയെ സ്ഥലം മാറ്റി ഉത്തരവിറക്കിയത്. കെഎസ്ടി എംപ്ലോയീസ് സംഘിന്റെ സജീവ പ്രവർത്തകയാണ് അഖില.
Discussion about this post