റായ്പൂർ: ഛത്തീസ്ഗഡിൽ ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ. ബസിന് തീയിട്ടു. ചോതിയ ചൗക്കിന് സമീപം ശനിയാഴ്ച രാത്രിയായിരുന്നു കമ്യൂണിസ്റ്റ് ഭീകരർ ബസ് കത്തിച്ചത്.
നാരായൺപൂരിൽ നിന്നും ദന്തേവാഡയിലേക്ക് യാത്രികരുമായി പോകുകയായിരുന്നു ബസ്. ഇതിനിടെ 12 പേരോളം വരുന്ന കമ്യൂണിസ്റ്റ് ഭീകര സംഘം ബസ് റോഡിൽ തടഞ്ഞ് നിർത്തുകയായിരുന്നു. ആയുധധാരികളായ സംഘത്തെ കണ്ടതോടെ യാത്രികർ ഭയന്ന് ബസിൽ നിന്നും ഇറങ്ങിയോടി. ഇതിന് പിന്നാലെ കയ്യിൽ കരുതിയിരുന്ന ഇന്ധനം ബസിന് മുകളിലായി ഒഴിച്ച് തീയിടുകയായിരുന്നു.
ബസിന്റെ ഡ്രൈവറെയും കണ്ടക്ടറെയും കമ്യൂണിസ്റ്റ് ഭീകരർ തടഞ്ഞുവച്ചിരുന്നു. സംഭവത്തെക്കുറിച്ച് പോലീസിനോട് പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇവരെ വെറുതെവിട്ടത്. സ്ഥലത്ത് നിന്നും കടന്നു കളയുന്നതിന് മുൻപായി ഭീഷണി സന്ദേശം എഴുതിയ പോസ്റ്ററുകളും ഭീകരർ പ്രദേശത്ത് പതിപ്പിച്ചിരുന്നു.
കമ്യൂണിസ്റ്റ് ഭീകരർ പോയതിന് പിന്നാലെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് തീ അണയ്ക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ അപ്പോഴേക്കും ബസ് പൂർണമായും കത്തി നശിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










