കൊച്ചി: സവര്‍ണ വിഭാഗങ്ങളുടെ അഹങ്കാരവും അതിന്റെ ഫലമായി ദളിതനുണ്ടായ പകയും രാജ്യത്തെ ശിഥിലമാക്കുമെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സുഗതകുമാരി. വര്‍ഗീയതകളില്‍ ഹിന്ദു വര്‍ഗീയത മാത്രമല്ല ഉള്ളതെന്നും, പശുക്കളെ പവിത്രമായി കാണുന്നവര്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിക്കാതിരിക്കുക ഇസ്ലാമിന്റെ കടമയാണെന്നും സുഗതകുമാരി പറഞ്ഞു.
മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ജാഗ്രത എന്ന ലേഖനത്തിലാണ് സുഗതകുമാരിയുടെ പരാമര്‍ശം. ചാര്‍വാകനെയും നിരീശ്വരവാദിയെയും സര്‍വാത്മനാ ഉള്‍ക്കൊണ്ട മതമാണ് ഹിന്ദുമതമെന്ന് ഹിന്ദുക്കള്‍ ഓര്‍ക്കേണ്ടതാണ്. നിങ്ങള്‍ പടവെട്ടേണ്ടത് അന്യമതസ്ഥരോടല്ല, അധര്‍മത്തോടും മഹാപാപങ്ങളോടുമാണ്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സവര്ണവര്ഗങ്ങളുടെ അഹങ്കാരവും തത്ഫലമായുണ്ടാകുന്ന ദളിതന്റെ പകയും രാജ്യത്തെ ശിഥിലമാക്കുമെന്ന് ഓരോ മനസ്സും കുറിച്ചുവെക്കട്ടെ.
ഇസ്ലാം സഹോദരങ്ങളോട് ഒരു വാക്ക്- ഗോക്കളെ പവിത്രമായിക്കാണുന്ന സമൂഹങ്ങള്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക നിങ്ങളുടെയും കടമയാണ്. കലാപവും, അരക്ഷിതാവസ്ഥയും ഉണ്ടായാല്‍ അനുഭവിക്കേണ്ടത് നിരപരാധികളാണെന്നും ഓര്‍ക്കുക. വിഭജനത്തിന്റെ മുറിവുകള്‍ ഇനിയുമുണങ്ങാത്ത വടക്കേന്ത്യയില്‍ ഒരു തീപ്പൊരി മതിയാകും തീ ആളിക്കത്താന്‍ എന്നും അവര്‍ പറയുന്നു.
അന്യമതക്കാരുടെ ഭക്ഷണസ്വാതന്ത്ര്യത്തില്‍ കൈകടത്താതിരിക്കുന്നതോടൊപ്പം കേന്ദ്രസര്‍ക്കാറിനോട് ഉറക്കെ വിളിച്ചുപറയൂ, ‘കോടിക്കണക്കിന് രൂപയ്ക്ക് മാട്ടിറച്ചി കയറ്റുമതി ചെയ്യുന്നത് നിര്‍ത്തലാക്കുക’ എന്ന്. അതിലൂടെ ഏറ്റവുമധികം ഗോവധത്തിന് പ്രേരണചെലുത്തുന്നത് സര്‍ക്കാറാണ് എന്നും തിരിച്ചറിയുക. മതി ഈ മതഭ്രാന്ത് എന്നിങ്ങനെ തുടരുന്ന ലേഖനത്തില്‍ കേരളത്തിലെ ചെറുപ്പക്കാരോടായി ബീഫ് ഫെസ്റ്റിവല്‍ നടത്തിയും ആ കറി പ്രിന്‍സിപ്പലിന്റെ ശിരസ്സില്‍ അഭിഷേകം ചെയ്തുമൊക്കെ പ്രതിഷേധിക്കുന്ന നിങ്ങള്‍ വര്‍ഗീയതയെന്നാല്‍ ഹിന്ദുവര്‍ഗീയത എന്നുമാത്രമല്ല അര്‍ഥമാക്കേണ്ടതെന്നും വ്യക്തമാക്കുന്നു.
എല്ലാ തീവ്രവാദങ്ങളും അപകടകരമാണ്. ഇസ്ലാം സഹോദരങ്ങള്‍ പാര്‍ക്കുന്നിടത്ത് ഒരു പോര്ക്ക്ഫെസ്റ്റിവല് നടത്താന്‍ തീവ്രവാദികള്‍ ശ്രമിച്ചാല്‍ എന്തുണ്ടാകുമെന്ന് ഒരു ചിന്തകന്‍ ഈയിടെ ചോദിക്കുകയുണ്ടായി. പ്രതിഷേധം നിന്ദയായിക്കൂടാ, അക്രമപരമായിക്കൂടാ. മതപരമായാലും രാഷ്ട്രീയമായാലുമുള്ള എല്ലാ ഹിംസയ്ക്കും ഭീഷണിക്കും എതിരായി നിങ്ങളുടെ ശബ്ദമുയരട്ടെ എന്നും സുഗതകുമാരി ലേഖനത്തില്‍ പറയുന്നു.
അഭിപ്രായവ്യത്യാസത്തിന് വെടിവെച്ചുകൊല്ലലും തീയിട്ടുചുടലും തല്ലിക്കൊല്ലലും പോലെത്തന്നെയാണ് 51 വെട്ടുവെട്ടലും കുട്ടികളുടെ മുന്നിലിട്ട് അധ്യാപകനെ വെട്ടിക്കൊല്ലലും നാടുകടത്തലും ബോംബെറിയലുമെന്ന് തിരിച്ചറിയാനും ഏതുതരം ഹിംസയെയും അക്രമത്തെയും നീതിരാഹിത്യത്തെയും എതിര്‍ക്കാനുള്ള നീതിബോധവും ധാര്‍മികതയും നിങ്ങള്‍ക്കുണ്ടാകണം എന്ന ഉപദേശത്തോടെയാണ് സുഗതകുമാരിയുടെ ലേഖനം അവസാനിക്കുന്നത്.
Discussion about this post