ന്യൂഡൽഹി: രാഹുൽ ഗാന്ധിയ്ക്ക് തങ്ങളുടെ ആശ്രമത്തിൽ വന്ന് താമസിക്കാമെന്ന് ഹനുമാൻഗർഹി ക്ഷേത്രത്തിലെ പുരോഹിതൻ. ജാതി അധിക്ഷേപ കേസിൽ കോടതി അയോഗ്യനാക്കിയതിന് തൊട്ടുപിന്നാലെ ന്യൂഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിയാൻ കേന്ദ്രസർക്കാർ രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അയോധ്യയിലെ ഹനുമാൻഗർഹി ക്ഷേത്രത്തിലെ പുരോഹിതൻ സഞ്ജയ് ദാസ് രാഹുലിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
ദർശകൻ മഹന്ത് ഗ്യാൻ ദാസ് നേതൃത്വം നൽകുന്ന ഹനുമാൻഗർഹി ക്ഷേത്രത്തിൻറെ അവകാശിയാണ് സഞ്ജയ് ദാസ്. അയോധ്യയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. “അയോധ്യയിലെ ദർശകരായ ഞങ്ങൾ, ഈ പുണ്യനഗരത്തിലേക്ക് രാഹുൽ ഗാന്ധിയെ സ്വാഗതം ചെയ്യുന്നു, ഞങ്ങൾ അദ്ദേഹത്തിന് താമസിക്കാനുള്ള സ്ഥലവും വാഗ്ദാനം ചെയ്യുന്നു,” പുരോഹിതൻ സഞ്ജയ് ദാസ് പറഞ്ഞു.
രാഹുലിനെ ക്ഷണിച്ച പുരോഹിതൻ സഞ്ജയ് ദാസ് സങ്കട മോചന സേനയുടെ ദേശീയ അധ്യക്ഷൻ കൂടിയാണ്. രാഹുലിന് വേണമെങ്കിൽ ഹനുമാൻഗർഹി ക്ഷേത്ര സമുച്ചയത്തിൽ വന്ന് താമസിക്കാം . രാഹുൽ ഗാന്ധി അയോധ്യയിൽ വന്ന് ഹനുമാൻഗർഹി ക്ഷേത്രം സന്ദർശിക്കണം. ഇവിടെ പ്രാർത്ഥന നടത്തുകയും വേണം. ഹനുമാൻഗർഹി പ്രദേശത്ത് നിരവധി ആശ്രമങ്ങളുണ്ട്, അദ്ദേഹം ഞങ്ങളുടെ ആശ്രമത്തിൽ വന്ന് താമസിക്കണം, ഞങ്ങൾക്ക് സന്തോഷമാകും, ” സഞ്ജയ് ദാസ് പറഞ്ഞു.
2019-ലെ ക്രിമിനൽ മാനനഷ്ടക്കേസിലാണ് രാഹുലിന് സൂറത്ത് കോടതി ശിക്ഷ വിധിച്ചത്. രണ്ടു വർഷത്തെ കഠിന തടവിനാണ് കോടതി രാഹുലിനെ ശിക്ഷിച്ചത്. തൊട്ടുപിന്നാലെയാണ് രാഹുലിന് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ ഗാന്ധി നടത്തിയ അപവാദ പ്രസ്താവനയാണ് രാഹുലിനെ പുലിവാല് പിടിപ്പിച്ചത്. എന്തുകൊണ്ടാണ് എല്ലാ കള്ളൻമാർക്കും മോദി എന്ന് പൊതുവായ കുടുംബപ്പേര്” എന്നായിരുന്നു രാഹുലിൻറെ ചോദ്യം.









