മുംബൈ: വിവാദ ആത്മീയാചാര്യൻ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയ്‌ക്കെതിരെ കേസ് എടുത്ത് മുംബെ പോലീസ്. സായ്ബാബയെ അവഹേളിച്ച് സംസാരിച്ചതിനാണ് ശാസ്ത്രിയ്‌ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ശിവസേനയുടെ യുവജന സംഘടനയായ യുവസേന നേതാക്കൾ നൽകിയ പരാതിയിലാണ് നടപടി.
മുംബൈവച്ച് നടന്ന പരിപാടിയിലാണ് ശാസ്ത്രി സായ്ബാബയെ അവഹേളിച്ചത്. സായ്ബാബയെക്കുറിച്ച് ശാസ്ത്രിയോട് ഒരു ഭക്തൻ സായിബാബയെ വിഗ്രഹാരാധന നടത്തുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുമ്പോഴായിരുന്നു മോശം പരാമർശം. സായ്ബാബ വെറുമൊരു സന്യാസിയാണ്. അദ്ദേഹത്തെ ദൈവം എന്ന് വിളിക്കാൻ കഴിയില്ല. കഴുകന് ഒരിക്കലും സിംഹമാകാൻ കഴിയില്ലെന്നും ശാസ്ത്രി പറഞ്ഞിരുന്നു.
ഈ പരാമർശത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവത്തിൽ പരാതിയുമായി യുവസേന രംഗത്ത് എത്തിയത്. സംഭവത്തിൽ ശാസ്ത്രിയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവസേന പരാതി നൽകിയിട്ടുള്ളത്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153-എ പ്രകാരം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.










