ബംഗളൂരു: ചിക്കൻ കറിയുടെ പേരിലുണ്ടായ തർക്കത്തിനെ തുടർന്ന് അച്ഛൻ 32കാരനായ മകനെ അടിച്ചു കൊന്നു. കർണാടകയിലെ സുള്ള്യയിൽ ഗുട്ടിഗർ എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്. വീട്ടിൽ ഉണ്ടാക്കിയ ചിക്കൻകറി രുചിച്ച് പോലും നോക്കാൻ കിട്ടാത്തതിന്റെ പേരിലാണ് വഴക്കുണ്ടായത്. ശിവറാം എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ അച്ഛൻ ഷീനയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിറക് കമ്പ് കൊണ്ടാണ് അടിച്ചാണ് ശിവറാമിനെ ഷീന കൊലപ്പെടുത്തിയത്. വീട്ടിലുണ്ടാക്കിയ ചിക്കൻകറി ഷീനയ്ക്ക് കൊടുക്കാതെ ശിവറാം മുഴുവൻ കഴിച്ചതോടെയാണ് തർക്കത്തിന് തുടക്കമാകുന്നത്.
വഴക്കിനൊടുവിലാണ് അച്ഛൻ മകനെ വിറകിന് അടിച്ച് വീഴ്ത്തി. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ സംഭവസ്ഥലത്തെത്തിയ സുബ്രഹ്മണ്യ പോലീസ് ഷീനയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.









