ടൊറന്റോ: കാനഡയിൽ ക്ഷേത്രത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. വിൻഡ്‌സറിലെ സ്വാമിനാരായണ ക്ഷേത്രത്തിന് നേരെയായിരുന്നു ആക്രമണം. ക്ഷേത്രത്തിന്റെ ചുവരുകൾ നിറയെ ഇന്ത്യാ വിരുദ്ധ പരാമർശങ്ങളും പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശങ്ങളും എഴുതി വകൃതമാക്കിയിരിക്കുകയാണ്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വിൻഡ്‌സർ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. ക്ഷേത്രത്തിന്റെ ചുവരുകളിൽ നിറയെ അക്രമികൾ കുത്തിവരയ്ക്കുന്നത് ഉൾപ്പടെ ദൃശ്യങ്ങളിൽ വ്യക്തമാണ്.
മോദിയെ തീവ്രവാദിയായി പ്രഖ്യാപിക്കണം, ഹിന്ദുസ്ഥാൻ മൂർദാബാദ് തുടങ്ങീ നിരവധി അധിക്ഷേപ പരാമർശങ്ങൾ ചുവരുകളിൽ കുറിച്ചിട്ടുണ്ട്. രണ്ട് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിരിക്കുകയാണ്. കറുത്ത നിറത്തിലുള്ള സ്‌പ്രേ ഉപയോഗിച്ചാണ് ചുവരുകൾ വൃത്തികേടാക്കിയത്.
അടുത്തിടെ ഖാലിസ്ഥാൻ തീവ്രവാദികൾ കാനഡയിലുടനീളം ക്ഷേത്രങ്ങൾക്ക് നേരെയും ഇന്ത്യക്കാർക്ക് നേരെയുമുള്ള ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു. ഈ മാസം ജനുവരിയിൽ ബ്രാംപ്ടണിലും, ഫെബ്രുവരിയിൽ മിസിസാഗയിലും ക്ഷേത്രങ്ങൾക്ക് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ കുറ്റക്കാരായവരെ എത്രയും വേഗം കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.








