കോഴിക്കോട്; എലത്തൂർ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ റിമാൻഡ് ചെയ്തു. ഈ മാസം 28 വരെയാണ് റിമാന്‍ഡ് കാലാവധി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എസ് വി മനേഷ് മെഡിക്കൽ കോളേജിലെത്തിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇന്നലെ കോഴിക്കോട് എത്തിച്ച പ്രതിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. ആശുപത്രി സെല്ലിലാണ് നിലവിൽ ഇയാളെ പാർപ്പിച്ചിരിക്കുന്നത്.
ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനും തീരുമാനമായിട്ടുണ്ട്. പ്രതിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കൽ ബോർഡ് യോഗം ചേർന്നതിന് ശേഷമാണ് ഡിസ്ചാർജ് തീരുമാനിച്ചത്. പ്രതിയെ ഇന്ന് തന്നെ ജയിലിലേക്ക് മാറ്റും.
അതേസമയം ഷാറൂഖിന്റെ ഡൽഹിയിലുള്ള ബന്ധുക്കളേയും കേരള പോലീസ് സംഘം ചോദ്യം ചെയ്തു. കേരളത്തിലേക്ക് ഇയാൾ ഒറ്റയ്ക്കാണോ, അതോ മറ്റാരോടെങ്കിലും ഒപ്പമാണോ എത്തിയത് എന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. കാണാതായ ദിവസം മകൻ സുഹൃത്തിനൊപ്പം ബൈക്കിൽ കയറിപ്പോയി എന്നാണ് ഷാറൂഖിന്റെ അമ്മ പോലീസ് പോലീസിനോട് പറഞ്ഞത്. ഈ മൊഴി പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല.
Discussion about this post