കോഴിക്കോട്: ഐ ലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ 3–1ന് തുരത്തി കേരള ബ്ലാസ്‌റ്റേഴ്‌സ് സൂപ്പർ കപ്പ് ഫുട്‌ബോളിൽ ഉജ്വലമായി അരങ്ങേറി. പെനൽറ്റിയിലൂടെ ദിമിത്രിയോസ് ഡയമന്റാകോസ്, നിഷുകുമാർ, മലയാളിതാരം കെ പി രാഹുൽ എന്നിവർ ബ്ലാസ്‌റ്റേഴ്‌സിനായി ഗോൾ നേടി. കൃഷ്ണ സിംഗിലൂടെയായിരുന്നു പഞ്ചാബിന്റെ ആശ്വാസ ഗോൾ.
ഇവാൻ വുകോമനോവിച്ചിന് പകരം ഫ്രാങ്ക് ഡൗവെനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായത്. തുടക്കം തന്നെ നയം വ്യക്തമാക്കിയ ബ്ലാസ്‌റ്റേഴ്‌സ് പന്തിൽ ആധിപത്യം നേടി മുന്നേറി. നാൽപ്പതാം മിനിറ്റിൽ സൗരവിനെ വൽപുയ ബോക്‌സിൽ വീഴ്‌ത്തിയതിന് ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി പെനൽറ്റി ലഭിച്ചു. കിക്കെടുക്കാൻ എത്തിയത് ഡയമന്റാകോസ്. ഗ്രീസുകാരന് പിഴിച്ചില്ല. ബ്ലാസ്റ്റേഴ്സിന് ആദ്യ ഗോൾ.
54-ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. എതിർ പ്രതിരോധത്തെ കബളിപ്പിച്ച് നിഷു ലീഡുയർത്തി. 73-ാം മിനിറ്റിൽ കൃഷ്ണാനന്ദിലൂടെ പഞ്ചാബ് ആശ്വാസ ഗോൾ നേടി. ഇൻജുറി ടൈമിൽ മലയാളി താരം രാഹുലിന്റെ വകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ.
ഏപ്രിൽ 12ന് ശ്രീനിധി ഡെക്കാനുമായാണ് സൂപ്പർ കപ്പിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
Discussion about this post