ഇസ്ലാമാബാദ്: വീണ്ടും ഇന്ത്യയുടെ വിദേശനയത്തെ പുകഴ്ത്തി പാകിസ്താൻ തെഹ്രീക് ഇ ഇൻസാഫ് നേതാവ് ഇമ്രാൻ ഖാൻ. ഇന്ത്യയെ പോലെ വിലകുറഞ്ഞ റഷ്യൻ ക്രൂഡ് ഓയിൽ ലഭിക്കാൻ തങ്ങൾക്കും ആഗ്രഹമുണ്ടെന്നും, എന്നാൽ തന്റെ സർക്കാർ വീണതിനാൽ അതിന് സാധിച്ചില്ലെന്നുമാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് നടത്തിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
”ഇന്ത്യയെ പോലെ ഞങ്ങൾക്ക് വിലകുറഞ്ഞ റഷ്യൻ ക്രൂഡ് ഓയിൽ ലഭിക്കാൻ ഞങ്ങൾക്കും ആഗ്രഹമുണ്ടായിരുന്നു. എന്നാലത് സാധിച്ചില്ല. അവിശ്വാസപ്രമേയത്തെത്തുടർന്ന് എന്റെ സർക്കാർ വീണു. പാകിസ്താൻ എക്കാലത്തേയും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. എന്നാൽ യുക്രെയ്ൻ യുദ്ധത്തിനിടയിലും ഇന്ത്യ വിലക്കുറവിൽ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങിക്കുകയാണ്” ഇമ്രാൻ പറഞ്ഞു.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെയും ഇമ്രാൻ ഖാൻ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ‘ലോകത്ത് നവാസിനൊഴികെ മറ്റൊരു നേതാവിനും കോടിക്കണക്കിന് രൂപയുടെ സ്വത്ത് വകകൾ ഉണ്ടാകില്ല. രാജ്യത്തിന് പുറത്ത് കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള ഏതെങ്കിലും ഒരു നേതാവിനെ കുറിച്ച് പറയൂ. നമ്മുടെ അയൽരാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പോലും എത്രത്തോളം സ്വത്തുണ്ടെന്നും” ഇമ്രാൻ പറഞ്ഞു.










