ചാലക്കുടി: കെഎസ്ആർടിസി സ്റ്റാൻഡിൽ ബഹളം വെച്ചുവെന്ന പരാതിയെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്‌റ്റേഷനിൽ നിന്നും ഇറങ്ങിയോടി ട്രാൻസ്‌ഫോർമറിൽ കയറി. രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ വൈദ്യുത കമ്പിയിൽ കയറിപ്പിടിച്ചതോടെ വൈദ്യുതാഘാതമേറ്റ് റോഡിൽ തെറിച്ചുവീണു. ചാലക്കുടിയിൽ രാവിലെയാണ് സംഭവം.
ചാലക്കുടി സ്വദേശി ഷാജി എന്ന യുവാവാണ് രാവിലെ ചാലക്കുടി സ്റ്റേഷനിലെ പോലീസുകാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കിയത്. രാവിലെ എട്ട് മണിയോടെയാണ് മദ്യപിച്ച് സ്റ്റാൻഡിൽ ബഹളം വെയ്ക്കുന്നുവെന്ന പരാതിയെ തുടർന്ന് പോലീസെത്തി ഇയാളെ സ്‌റ്റേഷനിലേക്ക് മാറ്റിയത്. സ്‌റ്റേഷനിൽ ഇരുത്തിയതിനിടെ ഇയാൾ ഇറങ്ങി പുറത്തേക്ക് ഓടുകയായിരുന്നു.
പോലീസും പിന്തുടർന്നെങ്കിലും അതിന് മുൻപ് ഇയാൾ സ്റ്റേഷന് സമീപമുളള ട്രാൻസ്‌ഫോർമറിലേക്ക് വലിഞ്ഞുകയറി. അവിടെ തുടർന്ന ഇയാളെ താഴെയിറക്കാൻ പോലീസ് അഗ്നിശമന സേനയുടെ സഹായം തേടി. ഫയർഫോഴ്‌സ് എത്തിയപ്പോഴേക്കും ഇയാൾ ഇലക്ട്രിക് ലൈനിൽ കയറിപ്പിടിക്കുകയും ഷോക്കടിച്ച് തെറിച്ച് റോഡിലേക്ക് വീഴുകയുമായിരുന്നു. ചാലക്കുടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമായതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
സ്‌റ്റേഷനിൽ നിന്നും പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാൾ ഇറങ്ങിയോടുകയായിരുന്നു. സ്‌റ്റേഷനിൽ വെച്ചും ഇയാൾ ബഹളം തുടരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.












