ജയ്പൂർ: സ്വന്തം സർക്കാരിനെതിരെ ഉപവാസ സമരം നടത്താനൊരുങ്ങുന്ന സച്ചിൻ പൈലറ്റിനെതിരെ നടപടി ആവശ്യപ്പെട്ട് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോൺഗ്രസിന്റെ കേന്ദ്ര നേതാക്കളെയാണ് ഗെഹ്ലോട്ട് നിലപാട് അറിയിച്ചത്. ഉപവാസ സമരം തുടങ്ങിയാലുടൻ സച്ചിനെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യം. രാജസ്ഥാൻ സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് സച്ചിൻ പൈലറ്റ് ഇന്ന് ഉപവാസ സമരം നടത്തുന്നത്.
സച്ചിന്റെ നീക്കത്തിൽ കോൺഗ്രസ് നേതൃത്വം കടുത്ത എതിർപ്പാണ് അറിയിച്ചത്. നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉപവാസ സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് സച്ചിന്റെ തീരുമാനം. രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെയാണ് സച്ചിന്റെ നീക്കം എന്നതാണ് പാർട്ടിക്ക് തലവേദനയാകുന്നത്. മുൻ ബിജെപി സർക്കാരിന്റെ കാലത്തെ അഴിമതി ആരോപണങ്ങൾ ഗെഹ്ലോട്ട് സർക്കാർ അന്വേഷിക്കുന്നില്ല എന്നതാണ് സച്ചിന്റെ പ്രധാന ആരോപണം.
ഇന്ന് രാവിലെ ജയ്പൂരിലാണ് സമരം ആരംഭിക്കുന്നത്. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരോട് സമരവേദിയിലേക്ക് എത്തേണ്ടതില്ലെന്ന് സച്ചിൻ നിർദ്ദേശിച്ചിട്ടുണ്ട്. രാജസ്ഥാനിൽ കോൺഗ്രസിനെ ഇല്ലാതാക്കാനാണ് സച്ചിന്റെ ശ്രമമെന്ന് ഗെഹ്ലോട്ട് പക്ഷം ആരോപിക്കുന്നു. വിഷയത്തിൽ ദേശീയ നേതാക്കളടക്കം ഗെഹ്ലോട്ടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post