ന്യൂഡൽഹി: ഇന്ത്യയിലുള്ള മുസ്ലീങ്ങൾ പാകിസ്താനിലുള്ള മുസ്ലീങ്ങളെക്കാൾ ഏറെ മികച്ച സാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. വാഷിംഗ്ടണിൽ നടന്ന പൊതുപരിപാടിക്കിടെ ഉയർന്ന ചോദ്യത്തിനാണ് നിർമ്മല സീതാരാമൻ മറുപടി നൽകിയത്. ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങൾ വലിയ തോതിൽ ആക്രമണത്തിന് ഇരയാവുകയാണെന്ന വിദേശമാദ്ധ്യമ റിപ്പോർട്ടുകളെ കുറിച്ചായിരുന്നു ചോദ്യം.
” ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അവരുടെ ജനസംഖ്യ ഇന്നും ഉയർന്ന് കൊണ്ട് തന്നെയാണിരിക്കുന്നത്. വിദേശമാദ്ധ്യമങ്ങളിലെ എഴുത്തുകളിൽ എന്തെങ്കിലും തരത്തിലുള്ള യാഥാർത്ഥ്യമുണ്ടെങ്കിൽ ഇത് സംഭവിക്കുമോ? ” ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിൽ പാകിസ്താനെതിരെയും നിർമ്മല സീതാരാമൻ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.
ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടപ്പോൾ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നാണ് പാകിസ്താൻ വാഗ്ദാനം ചെയ്തത്. ഇസ്ലാമിക രാജ്യമായി അവർ സ്വയം പ്രഖ്യാപിച്ചു. അവിടെ ന്യൂനപക്ഷങ്ങൾക്കെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്. ന്യൂനപക്ഷങ്ങളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. ചില മുസ്ലീം വിഭാഗങ്ങൾ പോലും അവിടെ ആക്രമിക്കപ്പെടുന്നുണ്ട്. പാകിസ്താൻ ഇന്ന് സ്വയം നശിച്ചു കൊണ്ടിരിക്കുകയാണ്. പാകിസ്താനിലെ മുസ്ലീങ്ങളെക്കാൾ ഏറ്റവും മികച്ച നിലയിലും സാഹചര്യത്തിലും ജീവിക്കുന്നത് ഇന്ത്യയിലെ മുസ്ലീങ്ങളാണ്. മുസ്ലീം വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പുകളും സർക്കാർ അനുവദിക്കുന്നുണ്ട്.
ഇന്ത്യയിലുടനീളം മുസ്ലീങ്ങൾ ആക്രമിക്കപ്പെടുന്നുവെന്ന റിപ്പോർട്ടുകൾ അങ്ങേയറ്റം തെറ്റിദ്ധാരണാജനകമാണ്. ഈ റിപ്പോർട്ടുകൾ എഴുതുന്ന ആളുകളെ ഞങ്ങൾ ഇന്ത്യയിലേക്ക് ക്ഷണിക്കുകയാണ്. ഇന്ത്യയിൽ വന്ന് അവരുടെ വാദം തെളിയിക്കട്ടെ എന്നും നിർമ്മല സീതാരാമൻ പറഞ്ഞു.










