ന്യൂഡൽഹി: വൃദ്ധ ദമ്പതികളെ മരുമകളും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തി. ഡൽഹിയിലെ ഗോകുൽപുരി മേഖലയിലാണ് സംഭവം. സർക്കാർ സ്‌കൂൾ വൈസ് പ്രിൻസിപ്പലായിരുന്ന രാധശ്യാം വർമ ഇദ്ദേഹത്തിന്റെ ഭാര്യ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മരുമകൾ മോണിക്ക കാമുകനൊപ്പം ചേർന്ന് കൊലപാതകം നടത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
കാമുകന് പുറമെ മറ്റൊരാൾ കൂടി കൊലപാതകത്തിന് സഹായം ചെയ്ത് നൽകിയെന്നാണ് വിവരം. ഇരുനില വീടിന്റെ താഴത്തെ നിലയിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. മുകളിലത്തെ നിലയിൽ മോണിക്ക ഭർത്താവ് രവി, മകൻ എന്നിവരാണ് താമസിച്ചിരുന്നത്.
ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് കൊലപാതകം നടന്നത്. കാമുകനും കൂട്ടാളിക്കുമൊപ്പം ദമ്പതികളുടെ മുറിയിൽ കടന്ന മോണിക്ക ഇരുവരേയും കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സ്വത്ത്തർക്കവും കൊലപാതകത്തിന് കാരണമായെന്നാണ് വിവരം. ഇവരുടെ വീട് വിറ്റ വകയിൽ ലഭിച്ച നാല് ലക്ഷത്തോളം രൂപയും ദമ്പതികളുടെ മുറിയിൽ നിന്ന് കാണാതായിട്ടുണ്ട്.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർ്ട്ടത്തിന് അയച്ചിരിക്കുകയാണ്. മോണിക്കയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ കാമുകനും കൂട്ടാളിക്കും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.








