ന്യൂഡൽഹി: ബിജെപിയിൽ ചേർന്നതിന് പിന്നാലെ തന്നെ സമൂഹമാദ്ധ്യമത്തിൽ പിന്തുടരുന്നത് അവസാനിപ്പിക്കാൻ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും ആവശ്യപ്പെട്ട് അനിൽ ആന്റണി. യാഥാർത്ഥ്യങ്ങളിൽ നിന്നും എല്ലായ്‌പ്പോഴും വിട്ട് നിൽക്കുന്നത് കൊണ്ടാണ് കോൺഗ്രസ് ഇന്ന് ഈ അവസ്ഥയിൽ നിൽക്കുന്നത് എന്നും അനിൽ ആന്റണി വ്യക്തമാക്കി. അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിന് പിന്നാലെ ടി സിദ്ദിഖ് എംഎൽഎ അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഫോളോ ചെയ്യുന്നത് ഒഴിവാക്കുകയും, അദ്ദേഹത്തെ അൺഫോളോ ചെയ്യാൻ കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം.
വ്യത്യസ്തമായ ആശയങ്ങൾ പങ്കുവയ്ക്കാനും, മറ്റുള്ളവരുടെ ആശയങ്ങൾ അറിയുന്നതിനുമാണ് പ്രധാനമായും നാം സമൂഹമാദ്ധ്യമം ഉപയോഗിക്കുന്നത്. അഭിപ്രായ രൂപീകരണത്തിനും കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനും ഇത് നമ്മെ സഹായിക്കും. എന്നാൽ നമുക്ക് ഇഷ്ടമല്ലാത്ത അഭിപ്രായങ്ങൾ പറയുന്നവരെ ഒഴിവാക്കുകയും, അനുകൂലമായി സംസാരിക്കുന്നവരെ എല്ലായ്‌പ്പോഴും പിന്തുടരുകയും ചെയ്യുന്നത് നമ്മളെ യാഥാർത്ഥ്യങ്ങളിൽ നിന്നും വിട്ട് നിൽക്കാൻ പ്രേരിപ്പിക്കും. ഇന്ന് കോൺഗ്രസിന്റെ അവസ്ഥയ്ക്ക് കാരണം ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ കോൺഗ്രസ് നേതാക്കളും ഒരു സ്വന്തം കുടുംബത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ താൻ രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ നേതൃസ്ഥാനം ഉറപ്പിയ്ക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വ്യക്തമായ വീക്ഷണങ്ങളുണ്ട്. ഇത് രാജ്യത്തെ ഒന്നാമതാക്കുമെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.










