കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദിക്കാൻ ഡിവൈഎഫ്‌ഐ തയ്യാറാക്കുന്ന 100 ചോദ്യങ്ങളുടെ സാമ്പിളുകൾ പുറത്ത്. പെട്രോളിന് 100 രൂപക്ക് മുകളിൽ കൊടുക്കേണ്ട രാജ്യത്ത് എങ്ങനെ യുവാക്കൾ ജീവിക്കുമെന്നാണ് ഒരു ചോദ്യം. അന്താരാഷ്ട്ര ഏജൻസികൾ നടത്തിയ പഠനമനുസരിച്ച് യുവാക്കളെ ബാധിക്കുന്ന വിഷാദ രോഗമടക്കമുള്ള മാനസിക പ്രശ്‌നങ്ങൾ ഇന്ത്യക്കാരിൽ കഴിഞ്ഞ പതിനഞ്ച് വർഷം കൊണ്ട് 35% വർദ്ധിച്ചതായും ഇതിന് കാരണമെന്താണെന്നുമാണ് മറ്റൊരു ചോദ്യം. ഡിവൈഎഫ്‌ഐ കേരള ഘടകത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ചോദ്യങ്ങളുടെ സാമ്പിളുകൾ ഉൾപ്പെടുത്തിയത്.
ഇന്നലെ കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് യംഗ് ഇന്ത്യ ആസ്‌ക് ഇന്ത്യ എന്ന പേരിൽ കേരളത്തിൽ വിവിധയിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങൾ ചോദിക്കാൻ സദസ്സുകൾ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്രമോദി ഒരിക്കൽ മാത്രമേ മാദ്ധ്യമങ്ങളെ കണ്ടിട്ടുളളൂവെന്നും ചോദ്യങ്ങളെ ഭയപ്പെടുന്നതുകൊണ്ടാണത് എന്നും പ്രചരിപ്പിച്ചാണ് ഡിവൈഎഫ്‌ഐ ചോദ്യസദസ്സ് സംഘടിപ്പിക്കുന്നത്.
പെട്രോളിനും ഡീസലിനും ബജറ്റിൽ ലിറ്ററിന് രണ്ട് രൂപ വീതം അധിക നികുതി ഏർപ്പെടുത്തി ജനങ്ങളുടെ ഭാരം ഇരട്ടിയാക്കിയതിനെതിരെ ഡിവൈഎഫ്‌ഐയുടെ മൗനം നേരത്തെ തന്നെ ചർച്ചയായിരുന്നു. മാത്രമല്ല ഇന്ധന വില ഉയർന്നുനിന്ന സമയത്ത് കേന്ദ്രസർക്കാർ പെട്രോളിനും ഡീസലിനും 10 രൂപ വരെ നികുതി കുറച്ചിട്ടും പിണറായി സർക്കാർ ഒരു പൈസ പോലും കുറയ്ക്കാൻ തയ്യാറായിരുന്നില്ല. ഇതിനും ഡിവൈഎഫ്‌ഐയ്ക്ക് മറുപടിയുണ്ടായിരുന്നില്ല.
പോഷകാഹാര കുറവ് മൂലമുള്ള രോഗങ്ങൾ കൊണ്ട് ഏറ്റവും അധികം ആരോഗ്യ പ്രശ്‌നങ്ങളുള്ള കൗമാരക്കാരിൽ ആഫ്രിക്കൻ രാജ്യങ്ങളെക്കാൾ മുകളിലാണ് നമ്മുടെ രാജ്യമെന്നാണ് ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടുന്നത്. എങ്ങന ഇന്ത്യയെ നിർമ്മിക്കാം എന്ന് പറഞ്ഞു പരിപാടികൾ നടത്തുന്ന ഗവണ്മെന്റിന്റെ നാഥനോട് ആവശ്യത്തിന് പോഷകാഹാര ലഭ്യതയില്ലാതെ എങ്ങനെ ഇന്ത്യയെ നിർമ്മിക്കാൻ പോകുന്നു എന്ന് ചോദിക്കണ്ടേയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പക്ഷെ അട്ടപ്പാടിയടക്കം കേരളത്തിലെ ആദിവാസി മേഖലകളിൽ ഇന്നും തുടരുന്ന പോഷകാഹാര പ്രശ്‌നങ്ങളും നവജാത ശിശു മരണങ്ങളും ഡിവൈഎഫ്‌ഐ കാണുന്നില്ല.
ഈ മാസം 23 നാണ് ജില്ലാ കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐ ചോദ്യ സദസ്സ് സംഘടിപ്പിക്കുക. കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കുന്ന യുവം 2023 പരിപാടിയിൽ പങ്കെടുക്കാൻ യുവാക്കൾ ആവേശപൂർവ്വം തയ്യാറെടുക്കുമ്പോഴാണ് ഡിവൈഎഫ്‌ഐയുടെ ചോദ്യ സദസ്സ്.








