ലക്നൗ : ഗുണ്ടാ നേതാവ് അതീഖ് അഹമ്മദിന് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധമെന്ന് കണ്ടെത്തൽ. ദാവൂദ് ഇബ്രാഹിമിന്റെ ഡി ഗ്യാങ്ങുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. രഹസ്യാന്വേഷണ ഏജൻസികളാണ് അതീഖ് അഹമ്മദിന്റെ അധോലോക ബന്ധം പുറത്തുകൊണ്ടുവന്നത്.
അതീഖ് അഹമ്മദിന് ആയുധങ്ങൾ എത്തിച്ചുകൊടുത്തത് ദാവൂദ് ഗ്യാങ്ങാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഛോട്ടാ ഷക്കീലിന്റെ അടുത്തയാളാണ് ആയുധങ്ങൾ എത്തിച്ച് നൽകിയത്. പാക് ചാരസംഘടനയുമായി ബന്ധമുള്ളയാൾ അതീഖ് അഹമ്മദുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.
ഐഎസ്ഐയുടെ നിർദ്ദേശപ്രകാരമാണ് ഡി കമ്പനി അതീഖിന് ആയുധങ്ങൾ എത്തിച്ച് കൊടുത്തത്. ഡി-ഗ്യാങ്ങുമായുള്ള അതീഖിന്റെ ബന്ധത്തെക്കുറിച്ച് അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. ഹവാല ഇടപാട് വഴിയാണ് പണം കൈമാറുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്.
ഐഎസ്ഐയും ലഷ്കർ ഈ ത്വായ്ബയുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അതീഖ് അഹമ്മദ് തന്നെ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ആയുധങ്ങൾക്ക് ക്ഷാമം വരാറില്ലെന്നും, പാകിസ്താനിൽ നിന്ന് നേരിട്ടാണ് തനിക്ക് സപ്ലൈ ലഭിക്കാറുള്ളത് എന്നുമാണ് ഇയാൾ പറഞ്ഞത്. ഇന്ത്യ-പാക് അതിർത്തിയിലൂടെ ഡ്രോൺ വഴിയാണ് ആയുധക്കടത്ത് നടത്തുക. ആളുകൾ അവിടെയെത്തി ഇതെല്ലാം ശേഖരിക്കും. പാകിസ്താനിൽ നിന്നുളള ഭീകരരും ആയുധങ്ങൾ എത്തിക്കാറുണ്ടെന്നും അതീഖ് അഹമ്മദ് പറഞ്ഞിരുന്നു.










