അഹമ്മദാബാദ് : അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു വജ്രം കണ്ടെത്തിയിരിക്കുകയാണ് സൂറത്തിലെ വജ്ര വ്യാപാരി. വജ്രത്തിനുള്ള മറ്റൊരു വജ്രത്തിന്റെ അംശമാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. വജ്രത്തിന്റെ ഹൃദയം പോലെ കാണപ്പെടുന്ന ഈ വസ്തുവിന് ബീറ്റിംഗ് ഹാർട്ട് എന്നാണ് പേരിട്ടിരിക്കുന്നത്.
0.329 കാരറ്റ് ഡി കളേർഡ് ഡയമണ്ട് വിഡി ഗ്ലോബൽ ആണ് കണ്ടെത്തിയത്. സൂറത്തിൽ നിന്ന് ലഭിച്ച വജ്രത്തിൽ എന്തോ പ്രത്യേകതയുണ്ടെന്ന് ശ്രദ്ധിച്ചപ്പോഴാണ് ഇതിനുള്ളിൽ മറ്റൊരു വജ്രം കണ്ടത്. അകത്തിരുന്ന് ചലിക്കുന്ന നിലയിലാണ് വജ്രം കണ്ടെത്തിയത് എന്ന് വിഡി ഗ്ലോബൽ ചെയർമാൻ വല്ലഭ് വഗസിയ പറഞ്ഞു.
അത് കണ്ടപ്പോൾ തന്നെ ബീറ്റിംഗ് ഹാർട്ട് എന്ന പേരാണ് മനസിലേക്ക് വന്നത്. യുകെയിലെ മെയ്ഡൻഹെഡിലേക്ക് വിദഗ്ധ പഠനത്തിനായി ഇത് അയച്ചിരിക്കുകയാണ്. വജ്രമേഖലയിലെ തന്റെ മൂന്ന് പതിറ്റാണ്ടുകാലത്തെ പ്രവർത്തനത്തിനിടെ ഇതുപോലെ അപൂർവ്വമായ ഒരു വജ്രം കണ്ടിട്ടില്ലെന്ന് ഡി ബിയേഴ്സ് ഗ്രൂപ്പിലെ സാമന്ത സിബ്ലി പറഞ്ഞു.










