ചണ്ഡീഗർ: പുഞ്ചയിലെ ഭട്ടിൻഡ മിലിട്ടറി സ്റ്റേഷനിലുണ്ടായ വെടിവയ്പിൽ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ജവാനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 12ന് സൈനിക കേന്ദ്രത്തിൽ നടന്ന വെടിവയ്പ്പിൽ നാല് സൈനികരാണ് കൊല്ലപ്പെട്ടത്. നാല് പേരും ഉറങ്ങുമ്പോഴായിരുന്നു ആക്രമണം.
അജ്ഞാതരായ രണ്ട് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് എഫ്‌ഐആറിൽ പറയുന്നുണ്ട്. വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച ഇരുവരും തലയും മുഖവും മറച്ചിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ സൈനികന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അക്രമികളിൽ ഒരാളുടെ കയ്യിൽ തോക്കും മറ്റൊരാളുടെ കയ്യിൽ കോടാലിയുമാണ് ഉണ്ടായിരുന്നത്.
ദൃക്‌സാക്ഷിയായ സൈനികനെ കണ്ടയുടനെ ഇവർ സമീപമുള്ള വനത്തിലേക്ക് ഓടി രക്ഷപെടുകയായിരുന്നു. സാഗർ ബന്നെ (25) യോഗേഷ് കുമാർ (24) സന്തോഷ് എം നാഗരാൽ (25), കമലേഷ് ആർ (24) എന്നിവരാണ് കൊല്ലപ്പെട്ടത്.










