ലക്‌നൗ: ഗുണ്ടാ നേതാവ് അതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫിന്റെയും കൊലപാതകികളെ മറ്റൊരു ജയിലിലേക്ക് മാറ്റി. സുരക്ഷാ കാരണങ്ങളാൽ പ്രതികളെ നൈനി സെൻട്രൽ ജയിലിൽ നിന്ന് പ്രതാപ്ഗഡ് ജില്ലാ ജയിലിലേക്കാണ് മാറ്റിയത്. സണ്ണി സിംഗ്, അരുൺ മൗര്യ, ലവ്‌ലേഷ് തൊവാരി എന്നിവരെയാണ് ജയിൽ മാറ്റിയത്.നൈനി ജയിലിൽ വെച്ച് മൂവർക്കും നേരെ ആക്രമണം നടന്നിട്ടുണ്ടെന്നാണ് ഇന്റലിജൻസ് നൽകുന്ന വിവരം.
പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. കൊലപാതകങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ സമിതിക്ക് രണ്ട് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കൂടാതെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാൻ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിക്കുമെന്ന് സംസ്ഥാന പോലീസ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകരുടെ വേഷത്തിലെത്തിയാണ് പ്രതികൾ അതിഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. അതിഖിന്റെ സംഘത്തെ ഇല്ലാതാക്കി പേരെടുക്കാനായിരുന്നു സംഘം കൃത്യം നടത്തിയത്.










