ലോകം കാത്തിരുന്ന ആ വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു. ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണം മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള തുടര്‍ന്ന് അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. എങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഏറ്റവും വേഗത്തില്‍ സ്റ്റാര്‍ഷിപ്പ് വിക്ഷേപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രകുതുകികള്‍.
ഭാവിയില്‍ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമൊക്കെയുള്ള മനുഷ്യരുടെ യാത്രാമോഹങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ് ഈ സ്റ്റാര്‍ഷിപ്പ്. സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ പോലെ ഒരുപാട് ആളുകളെയും അന്യഗ്രഹങ്ങളില്‍ താമസമാക്കുന്നതിന് വേണ്ട സാമഗ്രികളുമെല്ലാം വഹിച്ച് ഭൂമിയില്‍ നിന്ന് കുതിച്ചുയരാനും അന്യഗ്രഹത്തില്‍ ചെന്ന് ലാന്‍ഡ് ചെയ്ത് മനുഷ്യന് അവിടെ കോളനിയുണ്ടാക്കാനുമെല്ലാം ഈ സ്റ്റാര്‍ഷിപ്പ് സഹായകമാകുമെന്നാണ് കരുതുന്നത്. ഇതിന്റെ ആദ്യപടിയെന്ന നിലയിലാണ് ഇന്ന് സ്റ്റാര്‍ഷിപ്പ് വിക്ഷേപിക്കാനിരുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഭൂമിയില്‍ നിന്നും അധികം ദൂരെയല്ലാത്ത ഭ്രമണപഥത്തില്‍ സ്റ്റാര്‍ഷിപ്പ് എത്തിച്ച് തിരികെ കൊണ്ടുവരാനാണ് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.
വിക്ഷേപണം റദ്ദാക്കിയ സംഭവത്തില്‍ ഇലോണ്‍ മസ്‌ക് പ്രതികരിച്ചിട്ടുണ്ട്. ഇന്നത്തെ സംഭവത്തില്‍ നിന്നും പുതിയൊരു പാഠം പഠിച്ചുവെന്നും അടുത്ത വിക്ഷേപണം എന്നായിരിക്കുമെന്ന് പറയാന്‍ കഴിയില്ലെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഉണ്ടായേക്കുമെന്നും മസ്‌ക്് അറിയിച്ചു. 48 മണിക്കൂറിനുള്ളില്‍ അടുത്ത വിക്ഷേപണം ഉണ്ടായേക്കുമെന്ന് സ്‌പേസ് എക്‌സ് കമ്പനിയും അറിയിച്ചിട്ടുണ്ട്.
വിക്ഷേപണത്തിന് അഞ്ച് മിനിട്ട് മുമ്പ് വരെ വിക്ഷേപണം നടക്കുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു കമ്പനി. ഇതിനിടയിലാണ് റോക്കറ്റില്‍ മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സെന്‍സറുകള്‍ കണ്ടെത്തുന്നത്. തകരാറ് പരിഹരിക്കാന്‍ എഞ്ചിനീയര്‍മാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
കരുത്തുറ്റ റോക്കറ്റിന്റെ സവിശേഷതകള്‍
മുമ്പ് വിക്ഷേപിച്ചിട്ടുള്ള ഏതൊരു റോക്കറ്റിനേക്കാള്‍ രണ്ട് മടങ്ങ് കരുത്തുറ്റതാണ് സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ്. തെക്കന്‍ ടെക്‌സസ് തീരത്തെ കമ്പനിയുടെ വിക്ഷേപണത്തറയില്‍ നിന്നാണ് വിക്ഷേപണം നടത്താനിരുന്നത്. വിക്ഷേപണത്തില്‍ ഏറെ പ്രതീക്ഷയുള്ളതായി മുമ്പ് മസ്‌ക് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം ഇക്കാര്യത്തില്‍ കമ്പനി വളരെ ശ്രദ്ധയോടെയാണ് നീങ്ങുന്നത് എന്നതിനാല്‍ വിക്ഷേപണം മാറ്റിവെക്കാനും സാധ്യതയുണ്ടെന്ന് മസ്‌ക് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
വര്‍ഷങ്ങളായി നടക്കുന്ന റോക്കറ്റ് വിക്ഷേപണ പരീക്ഷണങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് സ്‌പേസ്എക്‌സ് പൂര്‍ണ്ണമായും സംയോജിപ്പിച്ച ഒരു സ്റ്റാര്‍ഷിപ്പ് വിക്ഷേപിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ സ്റ്റാര്‍ഷിപ്പിന്റെ രൂപകല്‍പ്പനയും ലക്ഷ്യവും സംബന്ധിച്ച് മസ്‌ക് നിരന്തരമായി ചര്‍ച്ചകള്‍ നടത്താറുണ്ട്. വാസയോഗ്യമായ അന്യഗ്രഹങ്ങളിലേക്ക് മനുഷ്യരെയും സാമഗ്രികളെയും വഹിക്കാനുള്ള ശേഷി തന്നെയാണ് സ്റ്റാര്‍ഷിപ്പിന്റെ പ്രധാന സവിശേഷതയായി കമ്പനി ഉയര്‍ത്തിക്കാട്ടുന്നത്. ചൊവ്വയില്‍ മനുഷ്യരുടെ കോളനി നിര്‍മ്മിക്കുന്നതിന് സഹായകമാകുന്ന സ്റ്റാര്‍ഷിപ്പ് പോലുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌പേസ് എക്‌സ് കമ്പനിക്ക് രൂപം നല്‍കിയതെന്നും മസ്‌ക് അവകാശപ്പെട്ടിട്ടുണ്ട്.
ബഹിരാകാശ യാത്രയ്ക്ക് മാത്രമല്ല, ഭൂമിയിലെ യാത്രയ്ക്കും സ്റ്റാര്‍ഷിപ്പ് ഉപയോഗിക്കാം. നൂറുപേരെ വരെ ഈ വാഹനത്തിന് ഉള്‍ക്കൊള്ളാനാകും. ലോകത്തെവിടെയും സഞ്ചരിക്കാന്‍ ഒരു മണിക്കൂര്‍ മതി.
Discussion about this post