ന്യൂയോർക്ക് : അമേരിക്കയിലെ കെന്റക്കിയിൽ ഒരു ക്രിസ്ത്യൻ പള്ളിയിൽ നടന്ന വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പ്രാർത്ഥനയ്ക്കിടയിൽ ആയിരുന്നു വെടിവെപ്പ് നടന്നത്. വെടിവെപ്പിൽ ഒരു സൈനികൻ ഉൾപ്പെടെ ഏതാനും പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണം നടത്തിയ പ്രതിയെ പോലീസ് വെടിവെച്ചു കൊന്നു.
ലെക്സിംഗ്ടണിലെ റിച്ച്മണ്ട് റോഡ് ബാപ്റ്റിസ്റ്റ് പള്ളിയിലാണ് ആക്രമണം നടന്നത്. പള്ളിയിൽ ഉണ്ടായ വെടിവെപ്പിൽ രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ചികിത്സയിൽ കഴിയുന്നവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഫയെറ്റ് കൗണ്ടിയിലെ ബ്ലൂ ഗ്രാസ് വിമാനത്താവളത്തിന് സമീപം രാവിലെ 11:30ഓടെ സൈനികൻ പ്രതിയെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തിരുന്നു. ഇതോടെ പ്രതി സൈനികന് നേരെ വെടിവെച്ച് സമീപത്ത് ഉണ്ടായിരുന്ന കാർ തട്ടിയെടുത്ത് വെടിവെപ്പ് നടന്ന പള്ളിയിലേക്ക് പോവുകയായിരുന്നു. തുടർന്നാണ് ഇയാൾ പള്ളിയിൽ പ്രാർത്ഥന നടത്തിയിരുന്നവർക്ക് നേരെ വെടിയുതിർത്തത്.
72ഉം 32ഉം വയസ്സുള്ള രണ്ട് സ്ത്രീകളാണ് വെടിവെപ്പിൽ മരിച്ചത്. ഞായറാഴ്ചകളിൽ നടക്കുന്ന പതിവ് പ്രാർത്ഥനയ്ക്കായി എത്തിയതായിരുന്നു ഇവർ. പരിക്കേറ്റവരെ സമീപത്തുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും പോലീസ് വ്യക്തമാക്കി. ലെക്സിംഗ്ടൺ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെയും കെന്റക്കി സ്റ്റേറ്റ് പോലീസിന്റെയും വേഗത്തിലുള്ള പ്രതികരണത്തിലൂടെയാണ് കൂടുതൽ പേരുടെ ജീവനെടുക്കുന്നതിനു മുൻപ് പ്രതിയെ വെടിവെച്ച് കൊലപ്പെടുത്താൻ കഴിഞ്ഞത്.
Discussion about this post