ഭൂമിയുടെ ആദിമരൂപം സംബന്ധിച്ച കണ്ടെത്തലുകളെല്ലാം മനുഷ്യരെ ആവേശം കൊള്ളിക്കുന്നതാണ്. ഭൂമി എപ്പോള്‍ ഉണ്ടായി, എങ്ങനെയുണ്ടായി, ജീവന്‍ എപ്പോഴാണ് ഉണ്ടായത്, ആദ്യ ജീവിവര്‍ഗ്ഗം ഏതായിരുന്നു തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ മനുഷ്യന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും ആ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും ടെന്നിസ്സി സര്‍വ്വകലാശാലയും ചേര്‍ന്ന് ഇത്തരമൊരു വിഷയത്തില്‍ ഗവേഷണം നടത്തി. രണ്ട് ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമി എങ്ങനെയായിരുന്നുവെന്നും അന്ന് ഭൂമിയില്‍ ഓക്‌സിജന്‍ ഉണ്ടായിരുന്നോ എന്നുമെല്ലാം അറിയാനുള്ള ശ്രമമായിരുന്നു ഈ ഗവേഷണം. ആന്ധ്രപ്രദേശിലെ വൈഎസ്ആര്‍ കടപ്പ ജില്ലയിലെ വെംപല്ലയില്‍ നിന്നും കണ്ടെത്തിയ പഴക്കം ചെന്ന ഡോളമൈറ്റ്(കാര്‍ബണേറ്റ്) നിക്ഷേപങ്ങള്‍ വിശദമായി പഠിച്ച അവര്‍ ആദിമഭൂമിയെ കുറിച്ച് നിര്‍ണ്ണായകമായ ചില കണ്ടെത്തലുകള്‍ നടത്തി.
ഡോളമൈറ്റിന്റെ പഠനത്തിലൂടെ പാലിയോപ്രൊട്ടെറോസോയിക് യുഗമെന്ന് വിളിക്കുന്ന ഒരു ഘട്ടത്തില്‍ ഭൂമിയില്‍ ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്ന ആഴം കുറഞ്ഞ കടലിന്റെ താപനിലയും അതില്‍ അടങ്ങിയിരുന്ന ഘടകങ്ങളും സംബന്ധിച്ച ഏകദേശ ധാരണ ഗവേഷകര്‍ക്ക് ലഭിച്ചു. അന്നത്തെ അന്തരീക്ഷ സാഹചര്യങ്ങള്‍ പ്രകാശസംശ്ലേഷണ ശേഷിയുള്ള ആല്‍ഗ രൂപപ്പെടാനും വളരാനും എങ്ങനെ സഹായകമായെന്നത് സംബന്ധിച്ച നിഗമനങ്ങളിലെത്താന്‍ ഈ കണ്ടെത്തലുകളിലൂടെ കഴിയുമെന്ന് ബെംഗളൂരു ആസ്ഥാനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്(ഐഐഎസ്) പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഭൂമിയുടെ ഭൂതകാലം സംബന്ധിച്ച് എത്ര വലിയ അറിവുകളാണ് പ്രാചീനകാല ശിലകള്‍ ഒളിഞ്ഞിരിക്കുന്നത് എന്നതിന്റെ തെളിവ് കൂടിയാണ് ഐഐഎസിന്റെ ഈ കണ്ടെത്തല്‍. നമ്മുടെ ഭൂമിയുടെ കഥ ശിലകളിലെ വിവിധ പാളികളിലായാണ് എഴുതപ്പെട്ടിരിക്കുന്നതെന്ന് ഐഐഎസിലെ ഭൂമിശാസ്ത്രവിഭാഗം പ്രഫസറും കെമിക്കല്‍ ജിയോളജിയില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തിന്റെ ലേഖകനുമായ പ്രോസെന്‍ജിത് ഘോഷ് പറയുന്നു. ഭൂമി എക്കാലവും ഇന്നത്തെ പോലെ ജീവയോഗ്യമായ ഗ്രഹമായിരുന്നില്ല. തീവ്രമായ പല കാലാവസ്ഥാ ഘട്ടങ്ങളിലൂടെ ഭൂമി കടന്നുപോയിട്ടുണ്ട്. നമ്മുടെ അയല്‍ഗ്രഹമായ ശുക്രനിലേത് പോലെ ജീവജാലങ്ങള്‍ക്ക് അതിജീവിക്കാന്‍ കഴിയാത്ത തരത്തില്‍ ഭൂമിയില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ നില വളരെയധികം ഉയര്‍ന്നിരുന്ന ഒരു ഘട്ടം ഉണ്ടായിരുന്നു. എന്നിരുന്നാലും അത്ര മോശം സാഹചര്യത്തില്‍ പോലും ഭൂമിയില്‍ ചില ജീവനുകള്‍ ഉണ്ടായിരുന്നിരിക്കാം എന്ന സൂചനയാണ് പാലിയോപ്രോട്ടെറോസോയിക് യുഗത്തിലെ ചില ഫോസിലുകളുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അന്തരീക്ഷത്തിലെ ഉയര്‍ന്ന അളവിലുള്‌ല കാര്‍ബണ്‍ഡയോക്‌സൈഡ് കടലുകള്‍ ആഗിരണം ചെയ്യുകയും അവ ഡോളമൈറ്റുകളില്‍ കുടുങ്ങുകയും ചെയ്തതായി പഠനത്തിന്റെ ഭാഗമായ മറ്റൊരു ഗവേഷകനായ യോഗരാജ് ബാനര്‍ജി വിശദീകരിക്കുന്നു.
കടല്‍ജലം നേരിട്ട് ഉറഞ്ഞുകൂടി ഉണ്ടായവയാണ് ഡോളമൈറ്റുകള്‍. അന്നത്തെ കടല്‍ജലത്തിന്റെ രാസസവിശേഷതകളെ കുറിച്ച് മാത്രമല്ല, അതിന്റെ താപനില, ഘടകങ്ങള്‍ പോലുള്ള സവിശേഷതകള്‍ അടക്കം നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കാന്‍ ഡോളമൈറ്റുകള്‍ക്ക് സാധിക്കുമെന്ന് അമേരിക്കയിലെ ടെന്നിസ്സി സര്‍വ്വകലാശാലയിലെ എര്‍ത്ത് ആന്‍ഡ് പ്ലാനറ്ററി സയന്‍സ് വിഭാഗം റിസര്‍ച്ച് പ്രഫസറും ഐഐഎസ് ഗവേഷണത്തില്‍ പങ്കാളിയുമായ റിച്ചാര്‍ഡ് റൈഡിംഗും പറയുന്നു. ഭൂരിഭാഗവും സിലിക്ക അടങ്ങിയ കാഠിന്യമുള്ള ശിലകളില്‍ നിന്നുമാണ് ഗവേഷകര്‍ ഡോളമൈറ്റ് സാംപിളുകള്‍ ശേഖരിച്ചത്. ക്ലംപ്ഡ് ഐസോടോപ്പ് തെര്‍മോമെട്രിയെന്ന പ്രക്രിയയിലൂടെയാണ് ശിലകളെ പഠനവിധേയമാക്കിയത്. താപനിലയെ കുറിച്ചും ഡോളമൈറ്റ് നിക്ഷേപങ്ങളിലെ ഘടകങ്ങളെ കുറിച്ചും ഉള്‍ക്കാഴ്ചകള്‍ നല്‍കാന്‍ ഈ പ്രക്രിയയ്ക്ക് സാധിക്കും. രണ്ട് വര്‍ഷം നീണ്ട ശ്രമകരമായ ദൗത്യങ്ങള്‍ക്കൊടുവില്‍ അക്കാലത്തെ കടല്‍ജലത്തിന്റെ താപനില ഏതാണ്ട് 20 ഡിഗ്രി സെന്റിഗ്രേഡ് ആയിരിക്കണമെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തി. മുന്‍പഠനങ്ങള്‍ മുന്നോട്ടുവെച്ച നിഗമനങ്ങളില്‍ നിന്നും വ്യത്യസ്തമാണിത്. അന്നത്തെ താപനില 50 ഡിഗ്രി സെന്റിഗ്രേഡിന് അടുത്തായിരിക്കുമെന്നാണ് ആ പഠനങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ 20 ഡിഗ്രി സെന്റിഗ്രേഡ് എന്ന ഐഐഎസിന്റെ പഠനം മുന്നോട്ടുവെക്കുന്ന താപനില ജീവന്‍ രൂപപ്പെടാനുള്ള സാഹചര്യങ്ങള്‍ അന്ന് ഭൂമിയില്‍ ഉണ്ടായിരുന്നുവെന്ന സൂചനയാണ് നല്‍കുന്നത്.
പാലിയോപ്രോട്ടെറോസോയിക് യുഗത്തില്‍ പ്രത്യേകഗണത്തിലുള്ള ഐസോടോപ്പുകളോ വിവിധ രൂപങ്ങളിലുള്ള ഹൈഡ്രജനോ അടങ്ങിയ ഹാര്‍ഡ് വാട്ടര്‍ ആണ് ഉണ്ടായിരുന്നതെന്ന മുന്‍ധാരണ തിരുത്തുന്നതാണ് പുതിയ പഠനം. ഇന്നുള്ളത് പോലെ സാധാരണ ജലവും ലൈറ്റ് വാട്ടറും അന്നുണ്ടായിരുന്നുവെന്നാണ് പഠനം പറയുന്നത്. ഇവയെല്ലാം കൂട്ടിവായിക്കുകയാണെങ്കില്‍ രണ്ട് ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രകാശസംശ്ലേഷണ ശേഷിയുള്ള ആല്‍ഗയുടെ ആവിര്‍ഭാവത്തിന് അനുകൂലമായ എല്ലാ സാഹചര്യവും ഭൂമിയില്‍ ഉണ്ടായിരുന്നു. അന്തരീക്ഷത്തിലേക്ക് ഓക്‌സിജന്‍ എത്തിച്ചതില്‍ വളരെ പ്രധാനമാണ് ഈ ആല്‍ഗ. മറ്റ് ജീവജാലങ്ങള്‍ രൂപപ്പെടാനും ഭൂമിയില്‍ ജന്തുവൈവിധ്യം ഉണ്ടാകാനും ഈ ആല്‍ഗയ്ക്കും അവയിലൂടെ അന്തരീക്ഷത്തിലെത്തിയ ഓക്‌സിജനും നിര്‍ണ്ണായക പങ്കുണ്ട്.









Discussion about this post